കരുവാരകുണ്ട്(മലപ്പുറം) ∙ യുവതിയെ വീട്ടിലേക്കു വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പറമ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, കൊലപാതകം മറയ്ക്കാനും പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും മുഖ്യപ്രതി വിഷ്ണുവും സുഹൃത്തുക്കളും കള്ളക്കഥ പ്രചരിപ്പിച്ചതായി അന്വേഷണ സംഘം. സുചിത മറ്റൊരാൾക്കൊപ്പം ബെംഗളൂരുവിലേക്കു പോയതായി ഇവർ പ്രചരിപ്പിച്ചെന്നാണ് കണ്ടെത്തൽ. ആക്ഷൻ കമ്മിറ്റി അംഗങ്ങളെയും ഇവർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. അതേസമയം, വിഷ്ണു വിളിച്ചപ്പോൾ സുജിത എന്തുകൊണ്ട് പിൻവശത്തെ വാതിൽവഴി വീട്ടിലെത്തി എന്നതിൽ അന്വേഷണം നടക്കുകയാണ്. കേസിന്റെ ചുരുളഴിയാൻ വൈകിയതിനു കാരണം മുഖ്യപ്രതി വിഷ്ണു പൊലീസിനെ വഴിതെറ്റിക്കാൻ നടത്തിയ ശ്രമങ്ങളാണ്. സുജിതയെ കാണാതാകുന്നതിനു മുൻപ് അവസാനമായി വിളിച്ച വിഷ്ണു തുടക്കം മുതൽ പൊലീസിന്റെ സംശയക്കണ്ണിലുണ്ട്. എന്നാൽ, ഇയാൾ തന്ത്രപൂർവം കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടത്തി. ക്രൂരമായ കൊലയ്ക്കു ശേഷവും കൂസലില്ലാതെയാണു പ്രതികൾ നാട്ടിലൂടെ നടന്നത്. ഇതിനിടെ സുജിത തൃശൂരിലെ യുവാവുമായി പ്രണയത്തിലാണെന്ന കഥ നാട്ടിൽ പ്രചരിപ്പിക്കാൻ വിഷ്ണു ബോധപൂർവമായ ശ്രമം നടത്തി. ഇവർ ഒന്നിച്ചു നാടുവിടാൻ സാധ്യതയുണ്ടെന്നു പൊലീസിനോടും ഇയാൾ പറഞ്ഞിരുന്നു.
മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കുമ്പോൾ പൊലീസ് തന്നെത്തേടി വരുമെന്നു വിഷ്ണുവിന് അറിയാമായിരുന്നു. പൊലീസിനോടു പറയാനുള്ള ഉത്തരങ്ങൾ നന്നായി ഗൃഹപാഠം ചെയ്തു. കൂട്ടുപ്രതികൾക്കും ഇയാൾ കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. പൊതുപ്രവർത്തകൻ കൂടിയായ വിഷ്ണു കേസിന്റെ വിവരങ്ങൾ ഇടയ്ക്കിടെ പൊലീസിനോട് ചോദിച്ചറിഞ്ഞു. ഒപ്പം, സുജിതയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു സമൂഹമാധ്യമ ഇടപെടലുകളും നടത്തി.
അതേസമയം, തുവ്വൂരിലെ സ്വർണക്കടകൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ പരിശോധനയാണു കേസിന്റെ ചുരുളഴിയാൻ സഹായിച്ചത്. 2 ദിവസം കഴിഞ്ഞു സ്വർണം നൽകാമെന്നു പറഞ്ഞ് ഒരു ജ്വല്ലറിയിൽനിന്നു വിഷ്ണു പണം ആവശ്യപ്പെട്ടിരുന്നതായി കണ്ടെത്തി. മറ്റൊരു ജ്വല്ലറിയിൽ വിഷ്ണു സ്വർണം വിറ്റതും പൊലീസ് കണ്ടെത്തി. ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ പൊലീസിനെ വഴിതെറ്റിക്കാനായി മറ്റൊരു കഥ മെനഞ്ഞു. തൃശൂരിലുള്ള യുവാവുമായി സുജിത പ്രണയത്തിലാണെന്നും അവർക്ക് ഒളിച്ചോടിപ്പോകാൻ പണം ആവശ്യപ്പെട്ടു സ്വർണം വിൽക്കാൻ ഏൽപിച്ചതാണെന്നും വിഷ്ണു പറഞ്ഞു. ഇതോടെ പൊലീസിനു സംശയം ബലപ്പെട്ടു. സുജിതയെ കൊലപ്പെടുത്തിയെന്നും പിന്നിൽ വിഷ്ണുവാണെന്നും പൊലീസ് ഉറപ്പിച്ചു.
മൃതദേഹം എവിടെ ഒളിപ്പിച്ചുവെന്നായിരുന്നു പിന്നെ അറിയേണ്ടിയിരുന്നത്. മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണു പൊലീസ് വിഷ്ണുവിന്റെ വീട്ടിൽ പരിശോധന നടത്തിയത്. മെറ്റൽ കൂട്ടിയിട്ട സ്ഥലത്തു മണ്ണു നനഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപെട്ടത് അപ്പോഴാണ്. ഒന്നരയടി മണ്ണു നീക്കിയപ്പോഴേക്കും യുവതിയുടെ വസ്ത്രം കണ്ടെത്തി. ഇതോടെ കള്ളക്കഥകൾ പൊളിഞ്ഞു. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
സുജിത അണിഞ്ഞിരുന്ന 53 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വിഷ്ണു വിൽപന നടത്തിയതായി പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന ദിവസം തുവ്വൂരിലെ ഒരു ജ്വല്ലറിയിൽ 35 ഗ്രാം സ്വർണം വിറ്റ് 83,000 രൂപ വാങ്ങി. ഇതേ ജ്വല്ലറിയിൽ, സുജിതയെ കാണാതാകുന്നതിന് 2 ദിവസം മുൻപ് ഒരു പവൻ സ്വർണം നൽകി ഒന്നര ലക്ഷം രൂപ വാങ്ങിയിരുന്നു. ബാക്കി തുകയ്ക്കുള്ള സ്വർണം 2 ദിവസത്തിനുള്ളിൽ എത്തിക്കാമെന്നു വിഷ്ണു ജ്വല്ലറി ഉടമയെ അറിയിക്കുകയും ചെയ്തു. ഇതേ ദിവസം തന്നെ മറ്റൊരു ജ്വല്ലറിയിൽ 18 ഗ്രാം സ്വർണം നൽകി 97,000 രൂപയും കൈപ്പറ്റി. മുറിച്ചെടുത്തതടക്കം യുവതിയുടെ 2 വളകൾ, മോതിരം, താലിമാല, മാല, കമ്മൽ എന്നീ ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. സ്വർണം വിറ്റു കിട്ടിയ കുറച്ചു പണം പ്രതികൾ വീതംവച്ച് എടുത്തതായി പൊലീസ് പറഞ്ഞു. പ്രതികൾ പുതിയ മൊബൈൽ ഫോണുകളും വാങ്ങി. പഴയ ഫോണുകളിലെ എല്ലാ വിവരങ്ങളും നീക്കം ചെയ്തിരുന്നു.