കഴിഞ്ഞ ദിവസമാണ് ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം റിഷഭ് ഷെട്ടിക്കും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ആടു ജീവിതത്തിലെ അസാധ്യ പ്രകടനത്തിന് പൃഥ്വിരാജിനേയും തേടിയെത്തിയിരുന്നു.
ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനത്തിന് തൊട്ടു മുന്നേ വരെ മലയാളികൾ അടക്കമുള്ള മിക്ക ആളുകളും ജേതാവായി പ്രതീക്ഷിച്ച ഒരു നടനായിരുന്നു മമ്മൂട്ടി. അവിസ്മരണീയവും വേറിട്ടു നിൽക്കുന്നതുമായ ഒത്തിരി കഥാപാത്രങ്ങൾ ഇക്കാലയളവിൽ മമ്മൂക്ക തന്മയത്വത്തോടെ വെള്ളിത്തിരയിൽ എത്തിച്ചിരുന്നു എന്ന അതിയായ ആത്മവിശ്വാസത്തിലായിരുന്നു മിക്ക ആരാധകരും. എന്നാൽ പ്രേക്ഷക വിലയിരുത്തലുകൾക്ക് വിപരീതമായി അവാർഡുകൾ പോയപ്പോൾ പലരും വലിയ നിരാശയിലായി. ഇതിനിടെ മെഗാസ്റ്റാർ തന്നെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ച പോസ്റ്റും പോസ്റ്റിന് താഴെ വരുന്ന ആരാധകരുടെ വികാരഭരിതമായ കമന്റുകളും ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ’ എന്നായിരുന്നു മമ്മൂക്ക പുരസ്കാര പ്രഖ്യാപനത്തിനുശേഷം കുറിച്ചത്. ഇതിനു താഴെ ”ഞങ്ങൾ മലയാളി പ്രേക്ഷകർ ഒരുപാട് ആഗ്രഹിച്ചു. അവാർഡ് മമ്മുക്ക തന്നെ കൊണ്ടുപോകും എന്ന്, യഥാർഥ അവാർഡ് പ്രേക്ഷകർ നൽകുന്ന പ്രോത്സാഹനവും തീയറ്ററിൽ ലഭിക്കുന്ന കൈയ്യടിയും ആണ്” എന്ന് ഒരാൾ കുറിച്ചപ്പോൾ ”മമ്മൂക്കക്കുള്ള അവാർഡ് ജന ഹൃദയങ്ങളിൽ ആണ് അതിനു മേലെ ഒരു അവാർഡില്ല” എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ”മോഡി ആൻഡ് ടീംസ് കഴിഞ്ഞ വർഷം അവാർഡ് കൊടുത്തത് പുഷ്പയ്ക്ക്.. ഈ പ്രാവശ്യം കാന്താരാ.. ഈ അവാർഡിനേക്കാൾ നല്ലത് ഉജാല ഏഷ്യാനെറ്റ് അവാർഡ് ആണ്” എന്ന തരത്തിൽ പ്രതിഷേധ സ്വരത്തിലും കമെന്റുകൾ കാണാം. എന്തായാലും മമ്മൂക്കയ്ക്ക് അവാർഡ് ലഭിക്കാത്തതിൽ വലിയ പ്രതിഷേധത്തിൽ ആണ് ആരധകർ എന്ന കാര്യത്തിൽ സംശയമില്ല.