പച്ചവെള്ളം കുടിച്ചാലും തടി വെക്കുന്നുവെന്ന് ചിലർ പറഞ്ഞു കേട്ടിട്ടില്ലേ? എന്നാൽ പച്ചവെള്ളം മാത്രം കുടിച്ച് 13 കിലോ കുറച്ച് യുവാവിന്റെ കഥ പകരം പറയാൻ ഉണ്ടെങ്കിലോ? കോസ്റ്ററിക്കയിൽ നിന്നുള്ള ആസിഡ് മില്ലർ എന്ന യുവാവിന്റെ കഥയാണ് ഇത്തരത്തിൽ വൈറലായിരിക്കുന്നത്.
വാട്ടർ ഫാസ്റ്റിംഗ് രീതിയിലൂടെ 21 ദിവസം കൊണ്ട് 13 കിലോയാണ് യുവാവ് കുറച്ചത്. ദിവസം മുഴുവൻ കുടിവെള്ളം മാത്രം ഭക്ഷണമായി സ്വീകരിക്കുന്നതാണ് രീതി. എപ്പോഴും വെള്ളം കുടിച്ചു കൊണ്ടിരിക്കും. ആദ്യ ദിവസങ്ങളിൽ ഇത്തരത്തിൽ യുവാവ് 4 ലിറ്റർ വെള്ളം വരെ അകത്താക്കിയിരുന്നു. എന്നാൽ ഫാസ്റ്റിംഗ് യാത്ര തുടർന്നുകൊണ്ടുപോകവെ ശരീരത്തിന് ഇത് മതിയാവുന്നില്ല എന്ന് മനസ്സിലാക്കിയ മില്ലർ കൂടുതൽ വെള്ളം കുടിക്കാൻ തുടങ്ങി. എന്നിട്ടും വൈകാതെ തനിക്ക് എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നെന്നും മില്ലർ പറയുന്നു. എന്നാൽ പത്തൊമ്പതാമത്തെ ദിവസം എത്തിയപ്പോൾ വിശപ്പ് പോലും അനുഭവപ്പെടാത്ത അവസ്ഥയിലേക്ക് താൻ മാറി. വൈകാതെ ഉന്മേഷവും വല്ലാത്ത ഒരു ഊർജ്ജവും വന്നുചേരുന്നു എന്നും യുവാവ് പറയുന്നു. കോവിഡ് സമയത്ത് തനിക്ക് ഘ്രാണ ശക്തി നഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ഇത് വാട്ടർഫാസ്റ്റിന് ശേഷം തിരിച്ചു കിട്ടിഎന്നും കൂടാതെ കേൾവിശക്തിയും മെച്ചപ്പെട്ടെന്നും യുവാവ് സാക്ഷ്യപ്പെടുത്തുന്നു
അടുത്തിടെ വാട്ടർ ഫാസ്റ്റിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള താരം രഞ്ജിനി ഹരിദാസും ഇത് പരീക്ഷിച്ചിരുന്നു. വിട്ടുമാറാത്ത പല അസുഖങ്ങൾ ഭേദമാകാനും ശരീരത്തിന് അനുകൂലമായ നിരവധി മാറ്റങ്ങൾ സംഭവിക്കാനും വാട്ടർ ഫാസ്റ്റിംഗ് സഹായിക്കുമെന്നത് നിരവധി പേർ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ദീർഘനാൾ വാട്ടർ ഫാസ്റ്റിംഗ് തുടർന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഫാസ്റ്റിംഗ് ചെയ്യുന്നതിന് മുന്പ് ആരോഗ്യവിദഗ്ധരെ കാണേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു.