Spread the love

കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടതിന് പിന്നാലെ റാപ്പർ വേടനാണ് സോഷ്യൽ മീഡിയയിലെ സെൻസേഷണൽ കണ്ടന്റ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിക്കുന്നത്. ഇപ്പോഴിതാ വേടനെ അറിയുമോ എന്ന ചോദ്യത്തിന് ‘അറിയില്ല, തന്റെ ലഹരി സംഗീതവും പാട്ടുപാടുമ്പോൾ ജനങ്ങളുടെ കൈയ്യടി കിട്ടുന്നതാണെന്നും’ പറഞ്ഞ ഗായകൻ എം ജി ശ്രീകുമാറാണ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇരയാകുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വേടനെ അറിയില്ലെന്ന ഗായകന്റെ ഉത്തരമാണ് താരത്തിന്റെ ആരാധകരെ ചൊടിപ്പിച്ചത്.

എംജി ശ്രീകുമാറിന്റെ പ്രതികരണത്തിനെതിരെ ഗാനരചയിതാവായ മൃദുലാ ദേവി എസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വലിയ ചർച്ചയായിരുന്നു.താങ്കൾക്ക് വേടനെ അറിയില്ലെങ്കിലും വേടൻ താങ്കളെ അറിയും. ഗായകനായ ശ്രീകുമാറിനെക്കാൾ കൂടുതലായി, മാലിന്യം കായലിൽ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് വീട്ടിലെ ജോലിക്കാരിയുടെ തലയിൽവെച്ച് കെട്ടിയ താങ്കളെപ്പോലുള്ളവരുടെ അറിവില്ലായ്മ അവന്റെ പാട്ടിലെ മുഖ്യവിഷയമാണ്, എന്നായിരുന്നു മൃദുലാ ദേവിയുടെ കുറിപ്പ്.

വേടനെതിരെയുള്ള തന്റെ പരാമർശവും മൃദുലയുടെ കുറിപ്പും വൻ ചർച്ചയായതോടെ വിഷയത്തിലുള്ള തന്റെ വിശദീകരണം എന്നോളം കുറുപ്പിനടിയിൽ കമന്റുമായി എത്തിയിരിക്കുകയാണ് എംജി ശ്രീകുമാർ ഇപ്പോൾ.

‘ഒരു ചാനൽ എന്നെ വിളിച്ചു ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകർ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന് മറുപടിയായി എന്റെ സ്വന്തം കാര്യം മാത്രമാണ് പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്. വേടനെ (ഹിരൺ ദാസ് മുരളി) എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫെയ്സ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർഥിക്കുന്നു. അദ്ദേഹത്തിനും ബാൻഡിനും എല്ലാ നന്മകളും നേരുന്നു’, എം.ജി. ശ്രീകുമാർ കുറിച്ചു.

Leave a Reply