Spread the love

ഉടനീളം ത്രില്ലും ട്വിസ്റ്റും ഇട്ട് ആസ്വാദനത്തിന്റെ ഒരു റോളർ കോസ്റ്റർ റൈഡ് സമ്മാനിച്ച് ഏറ്റവുമൊടുവിൽ ഒരു കിടിലൻ സസ്പെൻസിൽ സിനിമയ്ക്ക് ശേഷവും പ്രേക്ഷകനെ കുരുക്കിയിടുന്ന അനുഭവമാണ് സർവൈവർ ത്രില്ലർ ചിത്രം സിക്കാഡ. നിർബന്ധമായും തിയറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രമെന്ന് നിസംശയം പറയാവുന്ന ചിത്രം. ഹിറ്റ് സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സിനിമാ സംവിധായക വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കാടും നായകന്റെ കാട്ടിലേക്കുള്ള ലിഫ്റ്റടിച്ചുള്ള എൻട്രിയുമൊക്കെ കാണുമ്പോൾ ചുരുളി മനസിൽ ഓടി കയറുമെങ്കിലും സിനിമ തുടങ്ങി ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ പ്രേക്ഷകന്റെ കിളി മറ്റൊരു വഴിക്ക് പാറി തുടങ്ങും. ശ്രദ്ധിച്ചു കണ്ടാൽ ചുരുളഴിയാത്ത പതിന്മടങ്ങ് രഹസ്യങ്ങൾ സിനിമയിൽ ഉടനീളം കാണാം. ഹാലൂസിനേഷൻ ആണോ ?റിയാലിറ്റി ആണോ? ശെരിക്കും ഇതേതെന്ന് ഒരു സീനിനെ കുറിച്ചൊന്ന് ചിന്തിച്ചു തുടങ്ങും മുൻപേ അടുത്ത ട്വിസ്റ്റ് സംവിധായകൻ പൊട്ടിച്ചിരിക്കും

സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും കാട്ടിലാണ് പുരോഗമിക്കുന്നത്. വെറും കാടല്ല, സിനിമ അധികം കയറി ചെന്നിട്ടില്ലാത്ത കൊടുംകാട്. കഥ മുറുകുന്നതിനനുസരിച്ച് സിനിമയുടെ ദൃശ്യ ഭാഷയും ശബ്ദങ്ങളും കഥയുടെ ഒഴുക്കിനെ ശല്യം ചെയ്യാതെ മാറി തുടങ്ങുന്നതാണ് രീതി. മെല്ലെ മെല്ലെ ദൃശ്യങ്ങൾ വിസ്‍മയിപ്പിക്കാനും ശബ്ദങ്ങൾ പേടിപ്പെടുത്താനും തുടങ്ങും. കാടിനേയും ഭയം എന്ന വികാരത്തേയും കർമ്മ എന്ന ആശയം പറഞ്ഞുപോകാൻ സംവിധായകൻ നന്നായി ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തം.

ചിത്രത്തിന്റെ കരുത്ത് കൂട്ടുന്നത് ഫസൽ എ ബക്കറുടെ ഓഡിയോ ഗ്രാഫിയും നവീൻ രാജിന്റെ ഛായാഗ്രഹണത്തിലുമാണ്. തിയറ്ററിൽ ഇരിക്കുമ്പോൾ നിഗൂഢത മാത്രം നിറഞ്ഞ കാട്ടിൽ അറിയാതെ അകപ്പെട്ടുപോയ നായകനൊപ്പം പ്രേക്ഷകനും കുടുങ്ങി പോകും. വേട്ട മൃഗങ്ങളും കാട്ടു ജീവികളും നായകനെ നേരിടുമ്പോൾ ഒപ്പം പ്രേക്ഷകനും വിയർക്കും. അത്രയ്ക്ക് ഉദ്യേഗം കൊള്ളിക്കുന്ന സൗണ്ട് ഡിസൈനിങ് ആണ് സിക്കാഡ എന്ന സിനിമ. സാങ്കേതികമായി മികച്ച തയ്യാറെടുപ്പുകൾ ചിത്രം എടുത്തിട്ടുണ്ടെന്ന് സാധാരണകാർക്കുപോലും വ്യക്തമാകും.

കൂറ്റൻ എന്ന കാടധിപന്റെ പരിധിയിൽ പെട്ടുപോകുന്ന നായകനും അതിനുശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.  കൂറ്റനായി വേഷമിട്ട ജയിസ് ജോസും 10 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ നടൻ രജത്തും കിട്ടിയ വേഷങ്ങൾ ഗൗരവമായി തന്നെ കൈകാര്യം ചെയ്തു. എന്തായാലും സിനിമ തീരുമ്പോൾ തോന്നലുകൾ ആണോ അതോ യാഥാർത്ഥ്യം ആണോ കഥയിൽ കണ്ട പലതും എന്നറിയാതെ പ്രേക്ഷകൻ വീണ്ടും ത്രില്ലടിക്കും. ചിത്രം കഴിഞ്ഞിറങ്ങുമ്പോൾ അക്ഷരാർത്ഥത്തിൽ  മനസ്സിൽ  വീണ്ടും മറ്റൊരു സിനിമ ഓടിതുടങ്ങുന്ന വേറിട്ട അനുഭവമാണ് ക്ലൈമാക്സിലെ സൂപ്പർ സസ്പെൻസ് നൽകുന്നത്.

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഷൈജിത്ത് കുമരന്‍ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്

Leave a Reply