ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനമാണ് ഇഡ്ഡലിക്കുള്ളത്. എന്നാൽ ഇഡ്ഡലിയും വില്ലനാകുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. കർണാടകയിലെ വിവിധ ഭക്ഷണശാലകളിലെഇഡ്ഡലികളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി. 500 ലധികം ഇഡ്ഡലി സാമ്പിളുകൾ പരിശോധിച്ചപ്പോൾ 35 എണ്ണത്തിലാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇഡ്ഡലി തയ്യാറാക്കുന്ന രീതിയാണ് പ്രശ്നം. പരമ്പരാഗതമായി ഇഡ്ഡലി തട്ടിൽ വൃത്തിയുള്ള കോട്ടൺ തുണി വിരിച്ച് അതിലേക്കാണ് മാവ് ഒഴിക്കുന്നത്. എന്നാൽ കോട്ടൺ തുണിക്ക് പകരം പല ഹോട്ടലുകളും വഴിയോര കച്ചവടക്കാരും ഉരുകാത്ത തരത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഇഡ്ഡലിക്ക് നല്ല രൂപഭംഗി ലഭിക്കാനും ഒട്ടിച്ചേരാതിരിക്കാനുമാണ് ഇത്തരം കൈവിട്ട കളി. പ്ലാസ്റ്റിക് ഉരുകുന്നില്ലെങ്കിലും ചൂടാകുമ്പോൾ ഹാനികരമായ രാസമാലിന്യങ്ങൾ പുറത്തുവിടുന്നു. ഇത് ഇഡ്ഡലിയിലൂടെ നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും.
കർണാടകയിലുടനീളമുള്ള 252 സ്ഥലങ്ങളിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇഡ്ഡലി സാമ്പിളുകൾ ശേഖരിച്ചു. ഇവയിൽ 52 ഇടങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇഡ്ഡലി ഉണ്ടാക്കുന്നതിനായി പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്ന റസ്റ്ററന്റുകൾക്കെതിരെ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങി.