Spread the love

കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളും സാങ്കേതിക വിദഗ്‌ധരും തങ്ങളുടെ പ്രതിഫലം കുത്തനെ ഉയർത്തിയതോടെ പ്രതിസന്ധിയിലായി നിർമ്മാതാക്കൾ. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനൽകിയിരിക്കുകയാണിപ്പോൾ.

നാല് കോടിക്ക് മുകളിലാണ് പല പ്രമുഖ താരങ്ങളുടേയും പ്രതിഫലം. ഒരു മലയാള സിനിമയ്ക്ക് അഞ്ച് കോടി ആവശ്യപ്പെട്ട യുവതാരവുമുണ്ട്. ഇത്തരത്തിൽ തങ്ങൾക്ക് താങ്ങാനാകാത്ത പ്രതിഫലം ചോദിക്കുന്നതു കാരണം സിനിമകൾ മുടങ്ങുന്ന സവിശേഷ സാഹചര്യവും നിലവിലുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറയുന്നു.

ഇത്തരത്തിൽ വൻ പ്രതിഫലം നൽകി സിനിമ തുടങ്ങിയാൽ തന്നെ സിനിമ പൂർത്തിയാകുമ്പോൾ ആകെ ചെലവ് 15 കോടിയിലധികമാകും. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ വലിയ തുകയ്ക്ക് സിനിമവാങ്ങുന്നത് അവസാനിപ്പിച്ചതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയായതോടെ മുടക്കുമുതൽ തിയേറ്ററിൽനിന്നുമാത്രം തിരികെപ്പിടിക്കേണ്ട അവസ്ഥയാണ് നിർമാതാക്കൾക്ക്.

ഹിറ്റുസിനിമകളിലെ നായകനായ കൗമാരതാരംപോലും ആവശ്യപ്പെടുന്നത് ഒന്നരക്കോടി രൂപയാണ്. ഒരു പ്രശസ്ത യുവ ഛായാഗ്രാഹകൻ ദിവസ വേതനമാണ് ആവശ്യപ്പെടുന്നത്. ദിവസത്തിന് ഒരുലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നൽകേണ്ടത്. സഹായികളുടെ പ്രതിഫലം കൂടാതെയാണിത്.

ഇനി മറ്റു മേഖലകളെ എടുത്താലും ഇത് തന്നെയാണ് സ്ഥിതി. ശ്രദ്ധേയരായ സംഗീത സംവിധായകർ പ്രതിഫലത്തിന് പകരം സിനിമയിലെ ഗാനങ്ങളുടെ പകർപ്പവകാശമാണ് വാങ്ങുന്നത്. തുടർന്ന് വമ്പൻ തുകയ്ക്ക് മ്യൂസിക് കമ്പനികൾക്ക് ഈ ഗാനങ്ങൾ വിൽക്കുന്നതാണ് ഇവരുടെ രീതി.

അതേസമയം ‘അമ്മ’യുടെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തിൽ നിർമ്മാതാക്കളുടെ പ്രശ്നം ചർച്ചയാകുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദഗ്ധരുടെ പ്രതിഫലത്തെക്കുറിച്ച് ഫെഫ്കയെ അറിയിക്കാനും തീരുമാനമായിട്ടുണ്ട്. ഇതേ പ്രശ്നം നേരിട്ട തമിഴ് സിനിമ നിർമ്മാതാക്കൾ സിനിമകൾ ചിത്രീകരിക്കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. മലയാള സിനിമയിലും താരങ്ങളും മറ്റ് അണിയറ പ്രവർത്തകരും വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ അതേ മാതൃക കേരളത്തിലും സ്വീകരിക്കേണ്ടതായി വരുമെന്നാണ് നിർമാതാക്കൾ പറയുന്നത്.

Leave a Reply