ഒരിടവേളയ്ക്കു ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. ശാരീരികമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായാണ് താരം മാസങ്ങളോളം സിനിമയിൽ നിന്നും ഇടവേളയെടുത്തത്. ചികിത്സ കഴിഞ്ഞ് അസുഖം പൂർണമായും ഭേദമായി റിസൽട്ടും നെഗറ്റീവായതിന് ശേഷമാണ് മമ്മൂക്ക വീണ്ടും കാമറയ്ക്ക് മുന്നിലേക്ക് എത്തിയത്.
താൻ അഹങ്കാരിയാണെന്ന് പറഞ്ഞവർ പോലും തനിക്ക് വേണ്ടി പ്രാർഥിച്ചിരുന്നുവെന്ന് പറയുകയാണ് മമ്മൂട്ടി. മമ്മൂക്കയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മനോരമ ഹോർത്തൂസ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. “നമ്മുടെ എല്ലാ ദുരിതങ്ങളിലും എല്ലാ ആപത്തുകളിലും നമ്മൾ നമ്മളെ തന്നെ ആശ്രയിക്കുന്നതാണ് നമ്മൾ ഇതുവരെ കണ്ടിട്ടുള്ളത്.
നമ്മുടെ സാമൂഹിക മൂലധനം എന്ന് പറയുന്നത് മനുഷ്യരുടെ സ്നേഹവും പരസ്പര വിശ്വാസവുമാണ്. ആ അനുഭവം തന്നെയാണ് എനിക്കുമുണ്ടായത്. എനിക്ക് വേണ്ടി പ്രാർഥിക്കാത്ത, എനിക്ക് വേണ്ടി പള്ളിയിലൊരു മെഴുകുതിരി കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, ഒരു സമയം പ്രാർഥിക്കുമ്പോൾ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല എങ്ങും. അതെനിക്ക് പരിപൂർണ ബോധ്യമുണ്ട്. എന്നെപ്പറ്റി പല ആരോപണങ്ങളുമുണ്ട്. ഞാൻ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗർവ് ഉള്ളവനാണ്, ക്ഷിപ്ര കോപിയാണ് എന്നൊക്കെ. ഈ പറഞ്ഞവരൊക്കെ കൂടിയും എനിക്ക് വേണ്ടി പ്രാർഥിച്ചിട്ടുണ്ട്”. – മമ്മൂട്ടി പറഞ്ഞു









