ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫിലിം ചേംബറിനും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കത്ത് സമർപ്പിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. സംഘടനകളെ എതിർക്കാനല്ല, മറിച്ച് സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള തിരുത്തൽ നടപടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കത്തിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സാന്ദ്ര പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നു ദിവസങ്ങൾ പിന്നിട്ടിട്ടും സമൂഹത്തിൽ വലിയ ചർച്ച ആയിട്ടും സിനിമ സംഘടനകൾ ഒന്നുംതന്നെ വ്യക്തമായ അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല, അത് പൊതു സമൂഹത്തിനു കൂടുതൽ സംശയം നൽകുന്നതാണ്. ഞാൻ ജോലി ചെയ്യുന്ന മേഖല ഇത്ര കണ്ട് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങൾ നടക്കുന്നിടമാണ് എന്നറിയുന്നതിൽ കടുത്ത അമർഷവും ദുഖവും പേറുകയാണ് ഞാൻ. അതുകൊണ്ടു കാതലായ മാറ്റങ്ങൾ തൊഴിലിടങ്ങളിൽ ഉണ്ടായേ പറ്റൂ, അതിന് ഒരു വനിതാ നിർമ്മാതാവെന്ന നിലയിൽ എന്റെ അനുഭവത്തിൽ നിന്നുകൂടി ഞാൻ ചില നിർദ്ദേശങ്ങൾ സമർപ്പിക്കുന്നുവെന്നാണ് സാന്ദ്ര കത്തില്‍ പറയുന്നു.
സിനിമ വ്യവസായം താരങ്ങളുടെ മാർക്കറ്റ് വാല്യൂവിനെ അടിസ്ഥാനപ്പെടുത്തിയാണ് ശമ്പളം നിജപ്പെടുത്തുന്നതെങ്കിലും നായക താരങ്ങളുടെ ഭീമമായ ശമ്പളത്തുക ചർച്ചകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണത്തിൽ കൊണ്ടുവരുക. എന്നാൽ മാത്രമേ നായക നടന്മാർക്ക് തുല്യമല്ലെങ്കിലും മറ്റ് നടീനടന്മാർക്കു മാന്യമായ ശമ്പളം നൽകാൻ നിർമ്മാതാവിന് സാധിക്കുകയുള്ളുവെന്നതടക്കം നിര്‍ദേശങ്ങളാണ് സാന്ദ്ര സമര്‍പ്പിച്ചിരിക്കുന്നത്.
സിനിമ സെറ്റുകളില്‍ ഐസിസി രൂപീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും. ഐസിസി യിലെ അംഗങ്ങൾ സിനിമ മേഖലയിൽ നിന്ന് പുറത്തുള്ളവർ ആയിരിക്കണം. ഒരംഗം നിർബന്ധമായും സ്ത്രീയും സർക്കാർ പ്രതിനിധിയും ആയിരിക്കണമെന്നും കത്തില്‍ സാന്ദ്ര ആവശ്യപ്പെടുന്നുണ്ട്.
അധികാര കേന്ദ്രങ്ങളിൽ സ്വധീനമുള്ളവരോ, വ്യക്തമായ രാഷ്ട്രീയ പാർട്ടി പ്രവർത്തകരോ,ജാതി സംഘടനകളുടെ ഭാരവാഹികളോ സിനിമ മേഖലയുമായി ബന്ധപ്പെട്ട ഒരു അസ്സോസിയേഷൻറെയും ഭാരവാഹിയാകാൻ പാടില്ല എന്ന കർശന വ്യവസ്ഥ കൊണ്ടുവരണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു. അത്തരം വ്യക്തിത്വങ്ങൾ നേതൃത്വത്തിൽ വന്നാൽ സിനിമയ്ക്ക് പുറത്തുള്ള ബാഹ്യ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമെന്നും ഇവര്‍ പറയുന്നു.
സിനിമ സൈറ്റുകളിലോ സ്റ്റുഡിയോകളിലോ നടക്കുന്ന ക്രിമിനൽ സ്വഭാവം ഉള്ള കുറ്റങ്ങൾ സംഘടനകൾക്കകത്ത് ഒത്തുതീർപ്പാക്കാതെ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയാണ് വേണ്ടതെന്നും സാന്ദ്ര കത്തില്‍ പറയുന്നു.