മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.
സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു. എന്നിരുന്നാലും കരുത്തുറ്റ സിനിമ സീരിയൽ കഥാപാത്രങ്ങളിലൂടെ താരം സജീവമാണ്. ഇപ്പോഴിതാ താൻ താൻ വന്ന വഴി വളരെയധികം ദുർഘടമേറിയതായിരുന്നു എന്നും പൈസ ഇല്ലാത്തതിന്റെ പേരിൽ താൻ ഒരുപാട് നരകിച്ചിരുന്നുവെന്നും പറയുകയാണ് മഞ്ജു. ഒരു ഘട്ടത്തിൽ കിഡ്നി പോലും വിൽക്കാൻ തയ്യാറായിരുന്നു എന്നും ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം തരണം ചെയ്തത് മകന്റെയും കുടുംബാംഗങ്ങളുടെയും നല്ല സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് എന്നുമാണ് മഞ്ജു പറഞ്ഞത്.
‘പൈസയില്ലാതെ ജീവിക്കാൻ പറ്റില്ല. വിവാഹ ശേഷമുള്ള ജീവിതം നമ്മൾ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല. നമുക്ക് ബഹുമാനം വേണം, സ്‌നേഹം വേണം, എല്ലാം വേണം. പക്ഷേ ഏറ്റവും വേണ്ടത് പൈസയാണ്. പൈസയില്ലാതെ ജീവിക്കാൻ പറ്റില്ല. ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. കിഡ്നി വിൽക്കാൻ വരെ പോയ ഒരാളാണ് ഞാൻ. ജീവിക്കണ്ട എന്ന് വരെ തോന്നി. പക്ഷേ നമ്മുടെ മകൻ, അമ്മച്ചി, പപ്പ, ഇവരെയൊക്കെ ഓർത്ത് നമ്മൾ പിടിച്ചുനിൽക്കും.
ലൈഫിലിങ്ങനെയൊക്കെ സംഭവിക്കാൻ പാടില്ലെന്നൊന്നുമില്ല. ഇതിലൂടെയെല്ലാം ഒരാളുടെ ലൈഫ് പോകും. ആ സമയത്ത് നമുക്ക് മരിച്ച് കളയാൻ തോന്നും. ഒരു കൈ എവിടെ നിന്നെങ്കിലും കിട്ടിയില്ലെങ്കിൽ നമ്മൾ മരിച്ചുപോകും എന്ന സ്ഥിതിയാകും. പലവട്ടം മരണത്തെക്കുറിച്ച് ചിന്തിച്ചു. ഞാനൊരു പേടിത്തൊണ്ടിയായതുകൊണ്ട് ചെയ്യാത്തതായിരിക്കാം. ആത്മഹത്യ ചെയ്‌തെന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയിട്ടില്ല. അന്നേരം അവർ അനുഭവിക്കുന്ന സംഘർഷത്തിലൂടെ പല പ്രാവശ്യം കടന്നുപോയ ആളാണ് ഞാൻ. പൊട്ടിക്കരഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ വാവിട്ട് കരഞ്ഞ ദിവസങ്ങളുണ്ട്.’- നടി പറയുന്നു







