നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ നിറഞ്ഞ സദസ്സോടെ വീണ്ടും തീയേറ്ററുകളിൽ പ്രദർശനം നടത്തുകയാണ് മോഹൻ ലാൽ ചിത്രം രാവണപ്രഭു. വലിയ സ്വീകരണമാണ് മലയാളികൾ ചിത്രത്തിന് നൽകുന്നത്. സിനിമയിൽ ചെറിയ വേഷത്തിൽ നടനും സംവിധായകനുമായ നാദിർഷയുമെത്തിയിരുന്നു. ഇപ്പോഴിതാ അക്കാലത്ത് നായകനായിപോലും അഭിനയിച്ചപ്പോൾ തനിക്ക് കിട്ടാത്ത തുക പ്രതിഫലമായി രാവണ പ്രഭുവിൽ ലഭിച്ചതിനെ കുറിച്ച് പറയുകയാണ് താരം.
താരത്തിന്റെ വാക്കുകൾ..
‘ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം രാവണപ്രഭു വീണ്ടും തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമ ആരവങ്ങൾക്കിടയിൽ നിന്ന് കാണാൻ അന്നത്തെപ്പോലെ ഇന്നും കൊതിയാണ്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന സമയം. മാനത്തെക്കൊട്ടാരത്തിൽ നാല് നായകന്മാരിലൊരാളായി ചെയ്യാൻ പറ്റി. വലിയൊരു പ്രത്യേകത എന്നുവച്ചാൽ ആ കാലത്ത് രാവണപ്രഭുവിൽ അഭിനയിച്ചപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ ശമ്പളം ലഭിച്ചത്. നായകനായി അഭിനയിച്ചപ്പോൾ പതിനായിരം രൂപയാണ് കിട്ടിയത്. രാവണപ്രഭുവിൽ കൊച്ചുവേഷം ചെയ്ത് തിരിച്ചുവന്നപ്പോൾ ആന്റണി ചേട്ടൻ എനിക്ക് 25000 രൂപ തന്നു. ഞെട്ടിപ്പോയി.’- നാദിർഷ ഒരു ചാനലിനോട് പറഞ്ഞു.








