Spread the love
ഒടുവിൽ കോവിഡ് കോളർട്യൂൺ സർക്കാർ അവസാനിപ്പിക്കുന്നു

ന്യൂഡൽഹി: ‘കൊറോണ വൈറസ് രോഗം പകരാതെ തടയാനാകും’ കഴിഞ്ഞ കുറച്ചുകാലമായി എല്ലാവരും ഫോണിൽ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന സന്ദേശമാണിത്. കോവിഡ് മഹാമമാരി കാലത്ത് ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി സർക്കാർ കൊണ്ടുവന്ന ഈ പ്രീ കോൾ സന്ദേശം അവസാനിപ്പിക്കാൻ പോകുകയാണ്. കോവിഡിന്റെ തുടക്കത്തിൽ എല്ലാവർക്കും കുറച്ച് കൗതുകം തോന്നിയിരുന്നെങ്കിലും പിന്നീട് ഫോൺവിളികൾക്ക് ഇതൊരു അരോചക സന്ദേശമായി മാറിയിരുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം 2020 മാർച്ച് മുതലാണ് മൊബൈൽ ഫോൺ സേവനദാതാക്കൾ ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രീ കോളായും കോളർ ട്യൂണായും ആളുകളെ കേൾപ്പിക്കാൻ തുടങ്ങിയത്. കോവിഡ് വ്യാപനത്തിൽ ഗണ്യമായ ഇടിവ് വന്നതോടെ രണ്ട് വർഷത്തിന് ശേഷം കോവിഡ് അവബോധ സന്ദേശം നിർത്താലാക്കാൻ ആലോചിക്കുകയാണ് സർക്കാർ. ഉടൻ തന്നെ ഇത് നിർത്തലാക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ആദ്യ ഘട്ടത്തിൽ എല്ലാ കോളുകൾക്കും ഇങ്ങനെ സന്ദേശം വന്നിരുന്നു. കോളുകൾ കണക്ട് ചെയ്യുന്നതിന് കൂടുതൽ സമയമെടുക്കുന്നത് ആളുകൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. പരാതികൾ ഏറിയതോടെ ടെലികോം മന്ത്രാലയത്തിന്റെ അനുമതിയോടെ സേവനദാതാക്കൾ കോവിഡ് അവബോധ സന്ദേശം കേൾപ്പിക്കലിന്റെ തവണകൾ കുറച്ചിരുന്നു.

Leave a Reply