മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് മഞ്ജിമ മോഹന്‍. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, 2015-ല്‍ വിനീത് ശ്രീനിവാസന്റെ ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന മലയാള ചിത്രത്തിലൂടെയാണ് മഞ്ജിമ വീണ്ടും നായികയായി തിരിച്ചെത്തിയത്. തുടർന്നുള്ള അഭിനയങ്ങളോരോന്നും പ്രശംസിക്കപ്പെട്ടെങ്കിലും ശരീരഭാരത്തിന്റെ പേരിൽ മഞ്ജിമ നിരവധി വിമര്‍ശനങ്ങൾ നേരിടേണ്ടിവന്നു. മഞ്ജിമയുടെ ശരീരഭാരത്തെക്കുറിച്ചുള്ള മോശം കമന്റുകള്‍ നേരത്തെതന്നെ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ അത്തരം വിമര്‍ശനങ്ങള്‍ തന്റെ മാനസികാവസ്ഥയെ ബാധിച്ചുവെന്നും സ്‌റ്റൈലിസ്റ്റുകളുടെ വാക്കുകള്‍ കാരണം തുടക്കത്തില്‍ തനിക്ക് അരക്ഷിതാവസ്ഥ തോന്നിയിരുന്നുവെന്നും താരം തുറന്നു പറഞ്ഞു.
“സിനിമ എന്റെ ജീവിതത്തിൻ്റെ ഒരു ഭാഗം മാത്രമാണ്. ഞാൻ ശരീരഭാരം കുറച്ചാൽ, ഒരുപക്ഷേ എനിക്ക് കുറച്ച് സിനിമകൾ കൂടി ലഭിച്ചേക്കാം. പക്ഷേ അതിനുശേഷം, ഞാൻ എങ്ങനെ കാണപ്പെടുന്നുവെന്ന് ആരും ശ്രദ്ധിക്കില്ല.’ ജോലിക്കപ്പുറം എനിക്ക് മറ്റ് ലക്ഷ്യങ്ങളുണ്ട്,” അതേസമയം ജീവിതത്തിലെ ആ ഘട്ടം ഒരു പോരാട്ടമായിരുന്നുവെന്നും തനിക്ക് ശാരീരികപ്രശ്‌നങ്ങളുണ്ടായിരുന്നതായും മഞ്ജിമ പറഞ്ഞു.
‘ശസ്ത്രക്രിയയിലൂടെ ശരീരഭാരം കുറയ്ക്കാൻ കഴിയുമോ എന്നറിയാൻ ഞാൻ ഡോക്ടർമാരെ പോലും സമീപിച്ചിരുന്നു, എങ്ങനെയെങ്കിലും ശരീരഭാരം കുറയ്ക്കണമെന്ന് കരുതി. എല്ലാവരും ഭാരം ഒരു വലിയ പ്രശ്നമായി സംസാരിക്കുന്നുണ്ടെങ്കിലും, യഥാർഥത്തിൽ ആരോഗ്യമാണ് പ്രധാനം. എനിക്ക് പിസിഒഡി ഉണ്ടായിരുന്നു. അല്പം ഭാരം കൂടിയെങ്കിലും ആരോഗ്യവതിയാണെന്ന് ഞാൻ കരുതി. പക്ഷേ പിസിഒഡി നിയന്ത്രിക്കേണ്ടത് അത്യാവശ്യമായിരുന്നു.’
2023-ൽ എ എൽ വിജയ് സംവിധാനം ചെയ്‌ത ‘ബൂ’ എന്ന ചിത്രമായിരുന്നു, തമിഴിലും തെലുങ്കിലും മഞ്ജിമയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.







