തലസ്ഥാനത്തെ കൂട്ടക്കൊലയുടെ നടുക്കത്തിലാണ് കേരളം മുഴുവൻ. വീട്ടുകാരെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയ 23-കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവം സമാനതകളില്ലാത്തതും കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തുമായിരുന്നു. ആറ് പേരെ കൊന്നുവെന്നാണ് പ്രതി അഫാന്റെ മൊഴിയെങ്കിലും ഇതിൽ അഞ്ച് പേരാണ് മരിച്ചിട്ടുള്ളത്. അഫാന്റെ ഉമ്മ ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിയുകയാണ്. കൊലപാതകവേളയിൽ പ്രതി ലഹരി ഉപയോഗിച്ചിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രാഥമിക പരിശോധനയിലാണ് ലഹരി സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ ഏതുതരം ലഹരിമരുന്നാണ് ഉപയോഗിച്ചതെന്നറിയാൻ വിശദമായ പരിശോധന വേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.
അഞ്ച് പേരെയും ചുറ്റികയ്‌ക്ക് അടിച്ചെന്നാണ് പ്രാഥമിക നിഗമനം. എല്ലാവർക്കും തലയിൽ ക്ഷതമേറ്റിട്ടുണ്ട്. മാല (കൊല്ലപ്പെട്ട പിതൃമാതാവിന്റെ സ്വർണാഭരണം) പണയം വച്ച് പണം വാങ്ങിയെന്ന പ്രതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തിൽ അഫാൻ ഇടപാട് നടത്തിയതിന്റെ തെളിവാണ് ലഭിച്ചിരിക്കുന്നത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകൾ കിടന്നിരുന്നു.
അഫാൻ നൽകിയ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി എലിവിഷം കഴിച്ചെന്ന സൂചനയുള്ളതിനാൽ ആശുപത്രിയിലാണ് നിലവിലുള്ളത്. ഡിസ്ചാർജ് ആയതിന് ശേഷം വിശദമായി ചോദ്യം ചെയ്യും. അഫാന്റെ മാനസികനിലയും പരിശോധിക്കും. പ്രതി ഇടയ്‌ക്കിടെ വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. നാല് സിഐമാരുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. റൂറൽ എസ്പി അന്വേഷണത്തിന് നേതൃത്വം നൽകും.
ആറ് മണിക്കൂറിനിടെയാണ് പ്രതി അഞ്ച് കൊലപാതകം നടത്തിയത്, മറ്റൊരാളെ മരണാസന്ന നിലയിലാക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തിനും വൈകിട്ട് നാലരയ്‌ക്കും ഇടയിലാണ് കൂട്ടക്കുരുതി നടന്നത്. മൂന്ന് സ്ഥലങ്ങളിൽ മൂന്ന് വീടുകളിലായി നടത്തിയ കൊലപാതകങ്ങൾക്കായി അഫാൻ 25 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു. കൊല നടന്ന മൂന്ന് വീടുകളും മൂന്ന് വ്യത്യസ്ത പൊലീസ് സ്റ്റേഷൻ പരിധികളിലാണ് സ്ഥിതിചെയ്യുന്നത്.