ലൈംഗികാതിക്രമാരോപണ പരാതിയില്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ്. താന്‍ ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകളാണു ലഭിച്ചത്. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്നും 2016 ജനുവരിയിലെ രജിസ്റ്റര്‍ അടക്കമുള്ള രേഖകളാണ് ഉഗ്യോഗസ്ഥർ പരിശോധിച്ചത്. റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവച്ചാണ് നടി മുറിയിലെത്തിയത്. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് സിദ്ദിഖിന്റെ മുറിയുണ്ടായിരുന്നത്.
ഹോട്ടലിലെ ജീവനക്കാരുടെ അടക്കം മൊഴികള്‍ രേഖപ്പെടുത്തും. സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നത് വെല്ലുവിളിയാണ്.
എട്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്.
ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചിരുന്നു.