Spread the love

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം നടത്തുന്നത് സംബന്ധിച്ച് അഭിപ്രായം രൂപീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ഹൈക്കോടതി. ഫെബ്രുവരി 12ന് കേസ് വീണ്ടും പരിഗണിക്കും. എക്സാലോജിക് കമ്പനിക്ക് കരിമണൽ കമ്പനിയായ സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന ആരോപണത്തിലാണ് എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നൽകിയിട്ടുള്ളത്.

കർണാടക റജിസ്ട്രാർ ഓഫ് കമ്പനിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം, കമ്പനി നിയമം 210 അനുസരിച്ചുള്ള അന്വേഷണം ഇക്കാര്യത്തിൽ നടത്തിയിരുന്നു. എന്നാൽ 10 ലക്ഷം രൂപയിലേറെയുള്ള തട്ടിപ്പാണു നടന്നിരിക്കുന്നതെന്നു റജിസ്ട്രാറുടെ റിപ്പോർട്ടിൽനിന്നും വസ്തുതകളിൽനിന്നും മനസിലാക്കാം. ഇക്കാര്യത്തിൽ കമ്പനി നിയമത്തിന്റെ 447 വകുപ്പ് പ്രകാരമുള്ള കുറ്റമാണു ബാധകം.

ഇതുപ്രകാരം, തട്ടിപ്പ് കാട്ടിയിരിക്കുന്ന തുകയുടെ മൂന്നിരട്ടിയായി പിഴയായി ഈടാക്കുന്നതാണു പരമാവധി ശിക്ഷ. അതിനാൽ 212 വകുപ്പ് പ്രകാരം കേന്ദ്രസർക്കാർ എസ്എഫ്ഐഒയുടെ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ആവശ്യം. എന്നാൽ ഇത്തരമൊരു അന്വേഷണത്തിന് നിര്‍ദേശം നൽകാൻ ഹൈക്കോടതിക്ക് ഉത്തരവിടാനാകുമോ എന്നതിൽ കൂടുതൽ വാദം തുടരും.

നിലവിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഈ വിഷയത്തിൽ അന്വേഷണം നടത്തിയതും വിഷയം സ്വമേധയാ പരിഗണിച്ചാണ്, അല്ലാതെ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അല്ല. അതുപോലെ എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാദത്തിനിടെ അഭിപ്രായപ്പെട്ടു. എസ്എഫ്ഐഒ അന്വേഷണത്തിന്റെ കാര്യത്തിൽ കോടതിക്ക് നിർദേശം നൽകാമോ എന്ന കാര്യത്തിൽ വിശദമായി വാദം കേൾക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. എസ്എഫ്ഐഒ അന്വേഷണത്തെ വാദത്തിനിടെ, സിഎംആർഎല്ലും കെഎസ്ഐ‍ഡിസിയും എതിർത്തു.

സിഎംആർഎല്ലിന്റെ എം.ഡി ശശിധരൻ കർത്തയും ഭാര്യയും പ്രൊമോട്ടർമാരായ എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് 77.58 ലക്ഷം രൂപ വീണ വിജയന് വായ്പ നൽകിയതിനെതിരെ അഡ്വ. ഷോൺ ജോർജ് കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതുൾപ്പെടെയുള്ള കേസുകളിൽ എസ്എഫ്ഐഒ അന്വേഷണം വേണമെന്നാണ് ഷോൺ ജോർജ് ഹൈക്കോടതിയിൽ കൊടുത്തിരിക്കുന്ന ഉപഹർജിയിലും പറഞ്ഞിരിക്കുന്നത്.

Leave a Reply