കോവിഡ് തീവ്ര വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 18 വരെ നിശ്ചയിച്ച എല്ലാ അഭിമുഖങ്ങളും ഫെബ്രുവരി 14 വരെ നിശ്ചയിച്ച എല്ലാ പ്രമാണ പരിശോധനകളും സർവീസ് വെരിഫിക്കേഷനും ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 19 വരെ നിശ്ചയിച്ച പരീക്ഷകളും മാറ്റിവെക്കാൻ പി.എസ്.സി. തീരുമാനിച്ചു .എന്നാൽ ഫെബ്രുവരി 4 ലേക്കു മാറ്റി വെച്ച കേരള വാട്ടർ അഥോറിറ്റി ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കുന്നതാണ്.
വകുപ്പ് തല പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ നേരിട്ടു നൽകുന്നതും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കാൻ തീരുമാനിച്ചു. സർട്ടിഫിക്കറ്റ് അത്യാവശ്യമുളളവർ നിയമനാധികാരിയുടെ ശുപാർശ കത്ത് സഹിതം തപാൽ വഴിയോ ഇ-മെയിലിലോ അപേക്ഷിക്കുകയാണെങ്കിൽ ആവശ്യമായ മുൻഗണന നൽകി തപാൽ വഴി അയച്ചുകൊടുക്കുന്നതാണ്.