ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനുള്ളിൽ തീർക്കാൻ വിദ്യാഭ്യാസവകുപ്പും അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിൽ തീരുമാനം. ഫെബ്രുവരി 21 മുതൽ ഓൺലൈൻ ക്ലാസുകൾ നിർബന്ധമാക്കില്ലെന്നും എന്നാൽ ആവശ്യമുള്ളവർക്ക് തുടരാമെന്നുമാണ് ചർച്ചയിലെ ധാരണ. സ്കൂളുകൾ പൂർണമായി തുറക്കാനുള്ള സർക്കാർ തീരുമാനവുമായി സഹകരിക്കാമെന്ന് അധ്യാപകസംഘടനകൾ യോഗത്തിൽ അറിയിച്ചു. പ്രത്യേക സാഹചര്യത്തിലാണ് ശനിയാഴ്ച കൂടി അധ്യയനം നടത്തേണ്ടി വന്നതെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. അഭിപ്രായം പറഞ്ഞതിന്റെയോ വിമർശിച്ചതിന്റെയോ പേരിൽ അധ്യാപകർക്ക് എതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പ് നൽകി.