Spread the love
കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിന് ആവേശ തുടക്കം

പെരിന്തൽമണ്ണ: ജില്ലയില്‍ ഈവര്‍ഷത്തെ ആദ്യ സെവന്‍സ് ആരവമായി 49ാമത് കാദറലി ഫുട്ബാള്‍ മേളക്ക്‌ വര്‍ണാഭമായ തുടക്കം. മൈതാനത്തെ താരങ്ങൾക്കൊപ്പം കാണികളുടെ മനസ്സും പന്തിനൊപ്പം പാഞ്ഞു. ആക്രമണ – പ്രത്യാക്രമണങ്ങൾക്ക് അകമ്പടിയായി മിന്നൽ ഷോട്ടുകളുമുണ്ടായി. സെവൻസ് ഫുട്ബോളിന്റെ വീറും വാശിയും പ്രകടമാക്കിയ കാദറലി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻറിലെ ഉദ്ഘാടനമത്സരമാണ് കാണികൾക്ക് ആവേശമായത്. ആദ്യമത്സരത്തിൽ ലിൻഷ മണ്ണാർക്കാട്‌, സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ആധികാരിക വിജയം കരസ്ഥമാക്കി.

കളി കാണാനെത്തിയവരെ ആദ്യം വരവേറ്റത് ഹിന്ദി മെലഡി ഗാനങ്ങളായിരുന്നു. പിന്നീട് കളിക്കാർ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മൈതാനത്തെത്തി കാണികളെ അഭിവാദ്യംചെയ്തു. ടൂർണമെന്റ് നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി പതാകയുയർത്തി. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളിൽനിന്ന് വിടപറഞ്ഞ പ്രമുഖരെ അനുസ്മരിച്ചു. ഭക്ഷ്യകമ്മിഷനംഗം വി. രമേശൻ, എ.ഡി.എം. എൻ.എം. മെഹറലി, മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം, സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ കെ.എം. ലെനിൻ, സൂപ്പർ അഷ്റഫ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

വൈകീട്ട് നാലിന് പെരിന്തൽമണ്ണ പ്രസന്റേഷൻ ഹൈസ്കൂൾ പരിസരത്തുനിന്ന് സ്റ്റേഡിയത്തിലേക്ക് വിളംബരജാഥ നടത്തിയിരുന്നു. പെരിന്തൽമണ്ണ കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന കളിയിൽ കേരളത്തിലെ 21 ടീമുകൾ മാറ്റുരയ്ക്കും. വിദേശതാരങ്ങളില്ലാതെ പ്രാദേശിക പ്രതിഭകൾക്ക് കൂടുതൽ അവസരമൊരുക്കിയാണ് ടീമുകൾ കളത്തിലിറങ്ങുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

മൈതാനത്തിലെ സ്ഥിരംഗാലറിയിലും താത്‌കാലിക ഗാലറിയിലുമായി ഒമ്പതിനായിരത്തോളം പേർക്ക് കളി കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട് 2019-ൽ നടന്ന ടൂർണമെന്റിൽ ഫിഫ മഞ്ചേരിയായിരുന്നു ജേതാക്കൾ. ഇന്ന് ഫിഫ മഞ്ചേരിയും കെ.ആർ.എസ്. കോഴിക്കോടും ഏറ്റുമുട്ടും.

Leave a Reply