കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടി. കോഴിക്കോട് സ്വദേശി തരുണിന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിൽ മാത്രം ഒതുങ്ങിയില്ല മോട്ടോർ വാഹനവകുപ്പ് നടപടി. 5000 രൂപ പിഴയും മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ രണ്ട് ദിവസത്തെ ആശുപത്രി സേവനവും ഇയാൾ നടത്തണം.
സംഭവത്തിന്റെ വീഡിയോ സഹിതമുള്ള ബോധവൽക്കരണ സന്ദേശം പങ്കുവച്ചിരിക്കുകയാണ കേരളാ പൊലീസ്. “കോഴിക്കോട് ആംബുലൻസിന് മാർഗ തടസം സൃഷ്ടിച്ച സംഭവത്തിൽ ഡ്രൈവർക്ക് കിട്ടിയ പണി അറിഞ്ഞോ” എന്ന കുറിപ്പോടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപ്പാസ് വരെയാണ് ആംബുലൻസിന് തടസ്സം സൃഷ്ടിച്ച് കോഴിക്കോട് സ്വദേശി തരുൺ കാറോടിച്ചത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസിന് മുന്നിലായിരുന്നു അഭ്യാസപ്രകടനം. പലതവണ ആംബുലൻസ് ഹോൺ മുഴക്കിയിട്ടും വഴി നൽകിയില്ല. കാർ തുടർച്ചയായി ബ്രേക്ക് ഇട്ടതോടെ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ബന്ധുക്കൾ തെറിച്ചുവീഴുന്ന സാഹചര്യം വരെയുണ്ടായി. കിലോ മീറ്ററുകളോളം യാത്ര ചെയ്ത ശേഷമാണ് കാർ വഴിമാറിയത്.
കയ്യിലൊരു പൊതി, വള്ളിക്കുന്നത്തേക്ക് വണ്ടി കാത്തുനിന്നു, പക്ഷെ സഞ്ചുവിനായി എത്തിയത് പൊലീസ് വണ്ടി..! രോഗിയുടെ ബന്ധുക്കൾ തന്നെ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ച്, മോട്ടോർ വാഹനവകുപ്പ് അതിവേഗം നടപടിയെടുത്തു. കാർ ഓടിച്ച തരുണിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനവും നൽകും. ലൈസൻസ് സസ്പെൻഡ‍് ചെയ്യപ്പെട്ടാൽ പാലിയേറ്റീവ് കേന്ദ്രത്തിൽ സേവനം ചെയ്യണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. അപകടത്തിൽപ്പെട്ട് തളർന്നുപോയവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കാൻ കൂടിയാണ് ഈ പരിശീലനം.