Spread the love

കോവിഡ് നഷ്ടപരിഹാര പട്ടികയിൽ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി പ്രവാസി സംഘടനകൾ.


അബുദാബി : കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച ഇന്ത്യക്കാർക്കും നഷ്ടപരിഹാരം നൽകണമെന്ന് പ്രവാസി സംഘടനകൾ. ഇന്ത്യയ്ക്കു കോടികളുടെ വിദേശ നാണ്യം നേടിത്തരുന്ന, നാടിന്റെ ആവശ്യങ്ങൾക്ക് കൈമെയ് മറന്നു സഹായിക്കുന്ന പ്രവാസികളെ നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്താത്തത് ഖേദകരമാണെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു. 
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഒട്ടേറെ നിവേദനം നൽകിയിട്ടും മുഖംതിരിക്കുന്ന സമീപനം ശരിയല്ലെന്നും പറ‍ഞ്ഞു.ഗൾഫ് രാജ്യങ്ങളിൽ മാത്രം 3500 – ൽ അധികം ഇന്ത്യക്കാരാണ് മരിച്ചത്. പകുതിയോളം മലയാളികളാണ്. അനൗദ്യോഗിക കണക്കുപ്രകാരം വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 5000 ൽ അധികമാണ്.മരിച്ച പ്രവാസികളിൽ പലരും നിർധനരും കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സുമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജൂലൈയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും പ്രവാസികാര്യ സഹമന്ത്രി വി മുരളീധരനും ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരിക്കും നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് യുഎഇ കെഎംസിസി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ പറഞ്ഞു.
സുപ്രീംകോടതിയുടെ ഇടപെടലിലൂടെ കേന്ദ്രം ഇപ്പോൾ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക നാമമാത്രമാണെന്നും തുക വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
നഷ്ടപരിഹാര പട്ടികയിൽ പ്രവാസികളെ ഉൾപ്പെടുത്താത് മനുഷ്യത്വരഹിതമാണെന്ന് യുഎഇ യുവകലാസാഹിതി അസിസ്റ്റന്റ് സെക്രട്ടറി റോയ് ഐ.വർഗീസ് പറഞ്ഞു. കുടുംബത്തിന്റെ വരുമാന സ്രോതസ് നഷ്ടപ്പെട്ടതോടെ അനാഥരായ കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച നഷ്ടപരിഹാരം എത്രയും വേഗം നൽകാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
പ്രവാസികളെയും നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ച യുഎഇയിലെ സാമൂഹിക പ്രവർത്തകൻ അഡ്വ. ടി.കെ ഹാഷിക് പറഞ്ഞു.ദുരിതാശ്വാസ മാനദണ്ഡം അനുസരിച്ച് 4 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്.
കോവിഡ് മഹാമാരിയായി ലോകം പ്രഖ്യാപിച്ച സ്ഥിതിക്ക് കുറഞ്ഞത് 4 ലക്ഷം രൂപയെങ്കിലും നൽകണമെന്നും ആവശ്യപ്പെട്ടു.നാട്ടിലാണെങ്കിലും ഗൾഫിലാണെങ്കിലും മരിച്ചത് മനുഷ്യരാണ്. നാട്ടിൽ തൊഴിലില്ലാത്തതുമൂലം ഗൾഫിൽ എത്തിപ്പെട്ടവരാണവർ. ഇക്കാരണത്താൽ നഷ്ടപരിഹാരത്തിന് വിവേചനം കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ പറഞ്ഞു. കുടുംബനാഥൻ മരിച്ചതോടെ അനാഥമായ കുടുംബങ്ങളെ ചേർത്തുപിടിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും മാന്യമായ തുക നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.നാടിന്റെ അഭിവൃദ്ധിയിൽ പ്രവാസികളുടെ പങ്ക് വിസ്മരിക്കാവുന്നതല്ല.
വികസനത്തിനു മാത്രമല്ല ഏതു ദുരിതഘട്ടങ്ങളിലും കൈമെയ് മറന്നു സഹായിക്കുന്ന പ്രവാസികൾ മരിച്ചാൽ സഹായിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം ജൂലൈ വരെ വിദേശ രാജ്യങ്ങളിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 3,570 ആണ്.

Leave a Reply