കോഴിക്കോട്: ലോകമെമ്പാടും അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദത്തിന്റെ ഭാഗമായി കൊവിഡ് കേസുകൾ വീണ്ടും ക്രമാതീതമായി ഉയരുമ്പോൾ, അവധിയെടുത്ത് കേരളത്തിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാർ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനുള്ള പരിഭ്രാന്തിയിൽ.
ഉയർന്ന ഡിമാൻഡ് കാരണം, കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാന നിരക്കും കുതിച്ചുയരുകയാണ്. നിലവിലെ സാഹചര്യത്തിൽ വിമാന നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് പലരും മടക്ക യാത്ര ഉടൻ തന്നെ ചെയ്യാനുള്ള തിടുക്കത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതോടൊപ്പം, അവധിക്ക് പോകാൻ ഒരുങ്ങുന്ന പ്രവാസികൾ തത്കാലം യാത്ര വേണ്ടെന്ന നിലപാടും സ്വീകരിക്കുന്നതായും ട്രാവൽ രംഗത്തുള്ളവർ പറയുന്നു.
കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സഊദി അറേബ്യൻ ഭരണകൂടം മുൻ ലോക്ക്ഡൗണിനു സമാനമായി കർശന നടപടികൾ സ്വീകരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നതോടെ നേരത്തെ മടങ്ങാൻ പലരും തീരുമാനിക്കുന്നു.
ലോക്ക്ഡൗണിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ കേരളത്തിൽ കുടുങ്ങിക്കിടക്കുകയും ജോലി നഷ്ടപ്പെടുകയും ചെയ്ത പലരും ഇന്നും തിരിച്ചെത്താനാകാതെ പ്രയാസപ്പെടുകയാണ്.ഇത്
. പ്രവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.
28,000 രൂപ കൊടുത്ത് ടൂ-വേ ടിക്കറ്റുമായി വന്ന ആള്‍ ഇപ്പോൾ, ജനുവരി 21 മുതൽ ജനുവരി 7 വരെ റിട്ടേൺ ടിക്കറ്റ് ഷെഡ്യൂൾ ചെയ്യുന്നതിന് 17,000 രൂപ അധികമായി നൽകേണ്ടി വന്നതായി പ്രവാസി പറഞ്ഞു.
പ്രവാസികൾ അവരുടെ അവധി വെട്ടിക്കുറയ്ക്കുന്നതിനു പുറമേ, വാർഷിക അവധി ലഭിക്കാനുണ്ടെങ്കിലും പലരും ഇപ്പോൾ കേരളം സന്ദർശിക്കാൻ മടിക്കുകയാണ്. പരിഭ്രാന്തി തന്നെയാണ് കാരണം.
അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദം കാരണം പ്രവാസികൾ പരിഭ്രാന്തിയിലാണെന്നും നിരവധി പേർ സംസ്ഥാനത്ത് നിന്ന് മടങ്ങുന്നുണ്ടെന്നും ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ചെയർമാൻ പൗലോസ് മാത്യു പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, നിരവധി ആളുകൾ അവരുടെ യാത്രാ പ്ലാനുകൾ മാറ്റി അതിവേഗം തിരിച്ചു പോകാൻ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തു.
ഇന്ത്യയിൽ, കൊവിഡിന് മുമ്പുള്ള സമയത്തേക്ക് വിമാന സർവീസുകൾ ഇനിയും തിരിച്ചെത്തിയിട്ടില്ല. പരിമിതമായ ഫ്ലൈറ്റുകൾ മാത്രമാണുള്ളത്, അതോടൊപ്പം തന്നെ ടിക്കറ്റുകളുടെ ആവശ്യം വളരെ ഉയർന്നതാണ്. ഇതാണ് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമെന്നും അദ്ധേഹം പറഞ്ഞു.