Spread the love

ജാതിപേര് പറഞ്ഞ് ക്ഷേത്രത്തില്‍ നിന്ന് ഇറക്കിവിട്ടു; യുവതിയെ വീട്ടില്‍ പോയി കണ്ട് സ്റ്റാലിന്‍

ചെന്നൈ: ക്ഷേത്രത്തിലെ അന്നാദാനത്തില്‍ നിന്ന് താഴ്ന്ന ജാതിയെന്ന് ആക്ഷേപിച്ച് ഇറക്കിവിട്ട സ്ത്രീയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. അശ്വിനിയുടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. അശ്വിനിയെ അഭിനന്ദിക്കുന്നതിന് പുറമെ യുവതിയുടെ നരിക്കുറവര്‍ വിഭാഗത്തിന് സ്റ്റാലിന്‍ അഞ്ച് കോടിയോളം രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചു.

താഴ്ന്ന ജാതിക്കാരാണെന്ന് പറഞ്ഞ് അശ്വിനിയെയും കുടുംബത്തെയും ചെങ്കല്‍പ്പേട്ട് ജില്ലയിലെ ദേവസ്വം വകുപ്പിന് കീഴിലുള്ള മാമ്മലപുരത്തെ സ്തലശയന പെരുമാള്‍ ക്ഷേത്രത്തില്‍ നിന്നാണ് ക്ഷേത്രഭാരവാഹികള്‍ ഇറക്കിവിട്ടത്. ദര്‍ശനത്തിന് എത്തിയ യുവതിയെയും കുടുംബത്തെയും ക്ഷേത്രജീവനക്കാര്‍ കമ്പ് കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നു. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാന്‍ പോലും യുവതിയെ അനുവദിച്ചില്ല. ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് വെളിയിലേക്ക് നല്‍കുമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാട്. സംഭവം നടന്നത് കഴിഞ്ഞ ആഴ്ചയായിരുന്നു.
സര്‍ക്കാര്‍ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തില്‍ നിന്നും തനിക്കും തന്റെ കൂടെയുള്ളവര്‍ക്കും നേരിട്ട അപമാനത്തെക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. യുവതിയുടെ പ്രതിഷേധ വീഡിയ വൈറലാകുകയും വിമര്‍ശനങ്ങള്‍ ശക്തമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദേവസ്വം മന്ത്രി നേരിട്ടെത്തി യുവതിക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.

അതേസമയം, യുവതിയടെ വീഡിയ വൈറലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ദേവസ്വം വകുപ്പില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. അശ്വിനിക്കും ഒപ്പമുള്ളവര്‍ക്കും കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നടന്ന അന്നദാനത്തില്‍  പ്രവേശനം നല്‍കിയതായി ദേവസ്വം കമ്മീഷണര്‍ പി. ജയരാമന്‍ മന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന പെരുമാള്‍ ക്ഷേത്ര സന്ദര്‍ശനത്തിലാണ് അശ്വിനിക്കൊപ്പം മന്ത്രി ഭക്ഷണം കഴിച്ചത്. കിടക്കകളും വളകളും വിറ്റാണ് അശ്വിനിയുടെ ഉപജീവനം നടക്കുന്നത്.

Leave a Reply