യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിനു പിന്നിൽ “അനോറെക്സിയ നെർവോസ” എന്ന ഗുരുതരമായ മാനസികാവസ്ഥ. തടി കൂടുമോയെന്ന ഭയത്താൽ ഭക്ഷണം കഴിക്കാതിരിക്കുകയും ഒടുവിൽ ദോഷകരമായ രീതിയിൽ ശരീരഭാരം കുറയുകയും ചെയ്യുന്ന അവസ്ഥയാണിതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍എം ശ്രീനന്ദ (18) ആയിരുന്നു മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായത്.
തടി കൂടുമോയെന്ന ആശങ്ക പലരിലുമുണ്ട്. എന്നാൽ ഈ ആശങ്ക പരിധിയിൽ കൂടുതലാകുമ്പോഴാണ് അനോറെക്സിയ നെർവോസ എന്ന അവസ്ഥയാകുന്നത്. ഇത് ഭീതിതമായ അളവിൽ ശരീരഭാരം കുറയുന്നതിലേക്ക് നയിച്ചേക്കാം.
ഈ രോഗം ബാധിച്ചവർ, ശരീരഭാരം കുറയാൻ വേണ്ടി എന്തും ചെയ്യും. ഭാരം കുറയുന്നുവെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ സ്വയം മെച്ചപ്പെട്ടതായി അവർക്ക് അനുഭവപ്പെടൂ. അതിനാൽ തൂക്കം കുറയ്‌ക്കാൻ ഇവർ പലവിധ മാർഗങ്ങൾ തേടും. അതികഠിനമായ വ്യായാമമുറകൾ ചെയ്യും, ഭക്ഷണം പൂർണമായും ഉപേക്ഷിക്കും.
ഇത്തരക്കാരുടെ ഭാരം നന്നേ കുറവായിരിക്കും. എപ്പോഴും ക്ഷീണം അനുഭവപ്പെടും. ഉറക്കമില്ലായ്മ, മലബന്ധം, മുടിക്കൊഴിച്ചിൽ, ചർമ്മത്തിന് മഞ്ഞനിറം, മൂന്ന് മാസത്തിലേറെ ആർത്തവം ഇല്ലാതിരിക്കുക, വരണ്ട ചർമ്മം, ബിപി കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
10നും 20നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രോഗലക്ഷണം കണ്ടാൽ എത്രയും വേഗം വൈദ്യസഹായം തേടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഗുരുതരമായ മാനസികരോഗമായതിനാൽ ഇതിന് ചികിത്സ അത്യന്താപേക്ഷിതമാണ്. തെറാപ്പിയിലൂടെയും മെഡിക്കേഷനിലൂടെയും ഈ അവസ്ഥ പതിയെ മാറ്റിയെടുക്കാൻ സാധിക്കും.
ഭക്ഷണം കഴിക്കാതെ ദീർഘനാൾ ഇരുന്നതിനാൽ വീണ്ടും ഭക്ഷണം കഴിച്ചുതുടങ്ങുന്ന ഘട്ടം വളരെ പ്രയാസകരമായിരിക്കും. അതിനാൽ ഡോക്ടർമാരുടെ നിർദേശവും നിരീക്ഷണവും രോഗബാധിതർക്ക് ലഭ്യമാക്കേണ്ടതാണ്.