Spread the love
എക്‌സ്‌പോ 2030 റിയാദില്‍? അപേക്ഷ നല്‍കി സൗദി കിരീടാവകാശി

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സാംസ്‌ക്കാരിക പ്രദര്‍ശനമായ എക്സ്പോയുടെ 2030 എഡിഷന് ആതിഥേയത്വം വഹിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അപേക്ഷ സമര്‍പ്പിച്ചു. 2030 ഒക്ടോബര്‍ മുതല്‍ ആറു മാസം നീളുന്ന എക്‌സ്‌പോക്കാണ് സംഘാടകരായ ബ്യൂറോ ഇന്റര്‍നാഷനല്‍ ദെസ് എക്സ്പോസിഷന്‍സിന് സൗദി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ‘മാറ്റത്തിന്റെ യുഗം; നാളേയ്ക്കായി ഭൂമിയെ ഒരുക്കല്‍’ എന്ന പ്രമേയത്തിലായിരിക്കും എക്‌സ്‌പോ സംഘടിപ്പിക്കുകയെന്ന് കിരീടാവകാശി അറിയിച്ചു.

വിഷന്‍ 2030 എന്ന പേരില്‍ സൗദിയിലുടനീളം കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പദ്ധതികളുടെ പരിസമാപ്തിയെന്ന നിലയിലാണ് എക്‌സ്‌പോ സംഘാടനം സൗദി ലക്ഷ്യം വയ്ക്കുന്നത്. എണ്ണ കേന്ദ്രീകൃത സാമ്പത്തിക ശക്തിയെന്ന രീതിയില്‍ നിന്ന് രാജ്യത്തെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷന്‍ 2030 പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ ടൂറിസം വികസനം ഉള്‍പ്പെടെ ലക്ഷ്യം വയ്ക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ എക്‌സ്‌പോ പോലുള്ള ആഗോള പ്രദര്‍ശനങ്ങള്‍ക്ക് ഒരുങ്ങാന്‍ സൗദിക്ക് സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

കിരീടാവകാശി നേതൃത്വം നല്‍കുന്ന റിയാദ് റോയല്‍ കമ്മീഷനായിരിക്കും എക്‌സ്‌പോ 2030ക്ക് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. മാറ്റത്തിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്നും ആഗോള രാജ്യങ്ങള്‍ക്കിടയിലെ സഹകരണത്തിലൂടെ മാത്രമേ പുതിയ വെല്ലുവിളികളെ നേരിട്ട് മുന്നോട്ടുപോവാന്‍ ലോകത്തിന് സാധിക്കൂ എന്നും ബ്യൂറോയുടെ സെക്രട്ടറി ജനറല്‍ ദിമിത്രി കെര്‍കെന്റ്‌സെസിന് അയച്ച അപേക്ഷയില്‍ സൗദി കിരീടാവകാശി അഭിപ്രായപ്പെട്ടു. പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളെയും അവസരങ്ങളെയും തെളിഞ്ഞ മനസ്സുകളുമായി ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടു പോവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ജിസിസിയുടെ സാമ്പത്തിക തലസ്ഥാനമാനമാവാന്‍ സൗദിയുമായി മല്‍സരിക്കുന്ന എഇയിലാണ് എക്‌സ്‌പോ നടന്നുകൊണ്ടിരിക്കുന്നത്. 2020ല്‍ നടക്കേണ്ട ദുബായ് എക്‌സ്‌പോ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2021ലേക്ക് നീളുകയായിരുന്നു. സൗദിയുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ 2030 ഒക്ടോബര്‍ ഒന്നു മുതല്‍ 2031 ഏപ്രില്‍ ഒന്ന് വരെയായിരിക്കും എക്‌സ്‌പോ നടക്കുക. എക്‌സ്‌പോ സംഘാടനത്തിനുള്ള അനുമതി ലഭ്യമാക്കുന്നതിനായി ദുബായ് നടത്തിയ ഏഴു വര്‍ഷം നീണ്ട പരിശ്രമങ്ങളില്‍ നിന്ന് ലഭിച്ച അനുഭവ സമ്പത്ത് ഇക്കാര്യത്തില്‍ സൗദിയെ സഹായിക്കുന്നതിനായി നല്‍കാമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വാഗ്ദാനം നല്‍കിയിട്ടുണ്ട്. അടുത്ത എക്‌സ്‌പോ 2025ല്‍ ജപ്പാനിലെ ഒസാകയിലാണ് നടക്കുക.

Leave a Reply