സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്തെ സ്‌കൂൾ, കോളജ്, പ്രൊഫഷണൽ കോളജ് എന്നിവിടങ്ങളിലെ മുഴുവൻ വിദ്യാർഥികളിലും ബോധവ്തകരണം എത്തണം. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് ഉപയോഗിച്ചാൽ കുഴപ്പമില്ലെന്ന തെറ്റായ ധാരണ വിദ്യാർഥികളിൽ വളർത്തിയാണ് ഇവയുടെ വിപണനം നടക്കുന്നത്. ലിയ വ്യാപ്തിയിൽ നടക്കുന്ന ഈ പ്രചാരണത്തെ മറികടക്കാൻ ഇപ്പോൾ നടക്കുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്കു കഴിയാത്ത സാഹചര്യമാണുള്ളത്. ഇതു മുൻനിർത്തിയാണു സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും കോളജുകളിലും പ്രൊഫഷണൽ കോളജുകളിലും വിപുലമായ രീതിയിൽ പ്രചാരണം നടത്താനുള്ള തീരുമാനം. എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ, യുവജന സംഘടനകൾ തുടങ്ങിയവരെ ഇതിനായി ഉപയോഗപ്പെടുത്തണം. വിദ്യാർഥികളെ വിവിധ തലങ്ങളിൽ ഏകോപിപ്പിച്ച് ബോധവ്തകരണത്തിലൂടെ മദ്യത്തിനും മയക്കുമരുന്നിനെതിരായി ഇടപെടൽ നടത്താനായാൽ ഒന്നോ രണ്ടോ വർഷംകൊണ്ടു ലക്ഷ്യപ്രാപ്തി നേടാനാകുമെന്നും മന്ത്രി പറഞ്ഞു.