
തിരുവനന്തപുരം: സജീവമായ പ്രവൃത്തി ദിനങ്ങളാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്സഡ് സ്കൂളുകളാക്കാൻ നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ട്. കൃത്യമായ മാർഗരേഖ പ്രകാരം അപേക്ഷിക്കുന്നവർക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ പ്രവേശനത്തിനായി 9.34 ലക്ഷം കുട്ടികളാണ് പുതുതായി എത്തിയത്. ഈ മാസം 29 മുതൽ ഒന്നാം ക്ലാസിന്റെ പ്രവേശന നടപടികൾ ആരംഭിക്കും. ജൂൺ ഒന്നിന് വിപുലമായ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി അറിയിച്ചു.
പ്ലസ് വൺ മാതൃകാ പരീക്ഷ ജൂൺ 2 ന് ആരംഭിക്കും. വാർഷിക പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടക്കും.
ജെൻഡർ യൂണിഫോമിന്റെ കാര്യം സ്കൂളുകൾക്ക് തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.വിവാദമാകുന്നവ അനുവദിക്കില്ല. PTA യുടെ പ്രവർത്തനത്തിന് മാർഗരേഖ തയ്യാറാക്കും.സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണെന്നും അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.