ദുബായ് : വ്യാജ അക്കൗണ്ട് വഴി പ്രവാസികളുടെ പണം കവരുന്ന തട്ടിപ്പ് സംഘത്തിനെതിരെ ജാഗ്രത നിർദേശവുമായി അധികൃതർ.
വ്യക്തികളുടെ പഴയ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചുള്ള ഓൺലൈൻ തട്ടിപ്പ് വ്യാപകമാണ്.കേരളത്തിൽ വ്യാപകമായ തട്ടിപ്പ് ഇപ്പോൾ പ്രവാസ ലോകത്തേക്കും വ്യാപിച്ചിരിക്കുകയാണ്. പല പ്രവാസികളുടെയും പേരിൽ ഇങ്ങനെ വ്യാജ അക്കൗണ്ടുകളിലൂടെ സഹായ അഭ്യർത്ഥനയും നടന്നിട്ടുണ്ട്. ഇപ്പോൾ നാട്ടിൽ ആണെന്ന് ഗൾഫിലേക്ക് മടങ്ങാൻ പണം വേണമെന്നും,ജൂൺ 25ന് ദുബായിലേക്ക് പോകേണ്ടതാണെന്നും സന്ദേശം അയക്കുന്നവരുണ്ട്.എന്നാൽ ഇപ്പോൾ ദുബായിലേക് വിമാന സർവീസ് ഇല്ലാത്ത സാഹചര്യത്തിൽ ഈ സന്ദേശത്തിൽ സംശയം തോന്നിയതാണ് ചിലരെ തട്ടിപ്പിൽ നിന്ന് രക്ഷിച്ചത്.
തുടർന്ന്, അവർ യഥാർത്ഥ ഫോൺ നമ്പർ ഉടമകളെ നേരിൽ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന വിവരം പുറത്തുവന്നത്.
കോവിഡ് കാലത്താണ് ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായതെന്ന് ഇൻറർപോൾ അടക്കമുള്ള ഏജൻസികളും ചൂണ്ടിക്കാട്ടുന്നു.92 രാജ്യങ്ങളിലായി വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഓപ്പറേഷൻ പാജിയ 14 എന്ന പേരിൽ നടന്ന അന്വേഷണത്തിൽ 1,13,020 വ്യാജ വെബ്സൈറ്റുകൾ ഉൾപ്പെടെയുള്ള വെബ് ലിങ്കുകളാണ് നശിപ്പിച്ചത്. ഓപ്പറേഷൻ പാജിയക്ക് ശേഷം ഇത്രയധികം തട്ടിപ്പുകൾ കണ്ടെത്തുന്നതും ഇതാദ്യമായാണെന്ന് അവർ വ്യക്തമാക്കുന്നു.ഹരിയാന കേന്ദ്രീകരിച്ചുള്ള സംഘമാണ് കേരളത്തിൽ വ്യാപകമായി തട്ടിപ്പ് നടത്തുന്നതെന്നാണ് കോട്ടയം സൈബർ സെൽ സിഐ ബിനോജ് പറയുന്നത്. ഇപ്പോൾ പ്രവാസ ലോകത്തേക്ക് കടന്ന തട്ടിപ്പിന് പിന്നിലും ഇവർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്കിൽ ഫോൺനമ്പർ നൽകിയവരാണ് ഇവരുടെ തട്ടിപ്പിന് ഇരകളാകുന്നത്. തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണമെന്ന് പോലീസും മുന്നറിയിപ്പു നൽകി.