
കൊച്ചി: ഉഴപ്പന്മാര്ക്കു കൂച്ചുവിലങ്ങിടുന്ന ഉത്തരവിനു പിന്നാലെ പണിയെടുക്കുന്നവരെ പ്രോത്സാഹിപ്പിച്ചും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്.കോവിഡ് മഹാമാരി നിയന്ത്രണങ്ങള്‍ക്കുശേഷം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന കണക്കിലെടുത്ത് സര്‍വീസ് ഓപ്പറേഷന് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് ജീവനക്കാരുടെ ഡ്യൂട്ടി സറണ്ടര്‍ തുക കെഎസ്ആര്‍ടിസി വര്‍ധിപ്പിച്ചു.
600 രൂപയായിരുന്ന കണ്ടക്ടറുടെ ഡ്യൂട്ടി സറണ്ടര്‍ തുക പുതിയ ഉത്തരവുപ്രകാരം 900 രൂപയും 630 ആയിരുന്ന ഡ്രൈവറുടേത് 925 രൂപയുമാകും. പതിവു ഡ്യൂട്ടിയുടെ തുടര്‍ച്ചയായി ഏഴു മണിക്കൂര്‍ അഡീഷണലായി ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
പൂര്‍ണമായും ഓപ്പറേറ്റ് ചെയ്ത ഷെഡ്യൂളുകള്‍ക്കു മാത്രമാണ് ഡ്യൂട്ടി സറണ്ടര്‍ ബാധകമാകുക. പ്രതിദിനം ഒരു അടിസ്ഥാന ഡ്യൂട്ടി നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഒരു ദിവസം അധിക ഡ്യൂട്ടി ചെയ്ത് സറണ്ടര്‍ തുക അനുവദിക്കപ്പെട്ട ജീവനക്കാരന് അടുത്ത ദിവസം നിയമാനുസൃത ഡ്യൂട്ടി ഇല്ലായെങ്കില്‍ ആ ദിവസത്തെ ഹാജര്‍ എല്‍ഡബ്ല്യുഎ (ലീവ് വിത്തൗട്ട് അലവന്‍സ്) ആയി കണക്കാക്കും. ഇപ്രകാരം ഡ്യൂട്ടി ഒന്നിന് കണ്ടക്ടര്‍ക്ക് 900 രൂപയും ഡ്രൈവര്‍ക്ക് 925 രൂപയും ടിക്കറ്റ് ആന്‍ഡ് കാഷില്‍ ജോലി ചെയ്യുന്നവര്‍ക്ക് 750 രൂപയും സറണ്ടര്‍ തുകയായി നേടാം.
അടിസ്ഥാന ഡ്യൂട്ടിക്കു പുറമെ 12 മണിക്കൂര്‍ സ്പാന്‍ ഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടര്‍ക്ക് ആദ്യ ഏഴു മണിക്കൂറിന് 900 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 150 രൂപ വീതവും ഡ്രൈവര്‍ക്ക് ആദ്യ ഏഴു മണിക്കൂറിന് 925 രൂപയും തുടര്‍ന്നുവരുന്ന ഓരോ മണിക്കൂറിനും 160 രൂപയും സറണ്ടര്‍ തുകയായി ലഭിക്കും.
മാനവവിഭവശേഷി വര്‍ധിപ്പിച്ച് ജീവനക്കാരുടെ കുറവു പരിഹരിക്കുകയാണ് പുതിയ ഉത്തരവിലൂടെ കോര്‍പറേഷന്റെ ലക്ഷ്യം. പ്രതിമാസം 20 ഡ്യൂട്ടിയെങ്കിലും ഇല്ലാത്ത ജീവനക്കാരുടെ ശമ്ബളം വൈകിക്കാന്‍ അടുത്തയിടെ ഇറക്കിയ ഉത്തരവിനെതിരേ വിവിധ യൂണിയനുകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
എന്നാല്‍ പുതിയ ഉത്തരവിനെ ഭൂരിഭാഗം ജീവനക്കാരും സ്വാഗതം ചെയ്യുകയാണ്. ഡ്യൂട്ടി സറണ്ടര്‍ ആനുകൂല്യം വര്‍ധിപ്പിക്കണമെന്നത് ജീവനക്കാരുടെ നാളുകളായുള്ള ആവശ്യമായിരുന്നു.