തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അതിതീവ്ര കോവിഡ് വ്യാപനം. നിലവിൽ ജയിലിലെ 239 തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയവരെ പ്രത്യേക സെല്ലിലേക്ക് മാറ്റിയതായി അധികൃതർ.
അതേസമയം ജയിലിനുള്ളിൽ കോവിഡ് എത്തിയത് എങ്ങനെയെന്നുള്ളതിൽ ആശയകുഴപ്പം നിലനിൽക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ജയിലിലുണ്ടായിരുന്ന 961 പേരെയും പരിശോധിച്ചിരുന്നു. ആ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്.
ഗുരുതര രോഗബാധയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുരയില്‍ അത്രയധികം രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താന്‍ ജയില്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലുകളില്‍ പരിശോധനയ്ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടും.