കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളിൽ 50 ഡിഗ്രി തപനിലയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
താപനിലയിൽ ഉണ്ടാകുന്ന വർധന ഭാവിയിൽ രാജ്യത്ത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ. ഇത് വൈദ്യുതിയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും, ജനജീവിതം ദുരിതമാക്കുന്ന അവസ്ഥയ്ക്കും കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ ദിവസം താപനില 50 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ വൈദ്യുതി ഉപയോഗത്തിലും സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്.താപനിലയിൽ വർഷങ്ങളായി വർദ്ധന അനുഭവപെട്ട വരികയാണെന്ന് കാലാവസ്ഥ വിദഗ്ധൻ ഈസ അൽ റമദാൻ പറഞ്ഞു.ഭാവിയിൽ കുവൈത്തിൽ അനുഭവപ്പെടാൻ ഇടയുള്ള കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ശാസ്ത്ര -ഗവേഷണ വിഭാഗം നടത്തിയ പഠനത്തിൽ താപനില വർധനയെക്കുറിച്ച് സൂചന ഉള്ളതായും അദ്ദേഹം വ്യക്തമാക്കി.
2030 നും 2050 നും ഇടയിൽ താപനിലയിൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടാകുമെന്നാണ് സൂചന. എന്നാൽ താപനില കൂടുന്നതനുസരിച്ച് വൈദ്യുതി ഉപയോഗം വർധിക്കുകയാണ്,ഉപയോഗം കൂടുന്നതിനനുസരിച്ച് വൈദ്യുതിയുടെ ഉത്പാദനവും കൂട്ടേണ്ടതായിവരും. ഇത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാം.സോളാർ, കാറ്റ് എന്നിവ ഉപയോഗിച്ചുള്ള ബദൽ വൈദ്യുതി ഉത്പാദനം കാര്യക്ഷമമാകുക എന്നതാണ് ഇതിന് പരിഹാരമാർഗ്ഗം. താപനിലയിൽ ഒരു ഡിഗ്രി വർധനവുണ്ടായാൽ വൈദ്യുതി ഉപയോഗത്തിൽ 80 മുതൽ 1000 മെഗാവാട്ട് വരെ വർധന ഉണ്ടായേക്കാം. പ്രകൃതിയെ ഹരിതാഭമാക്കുകയും, കൃഷി വ്യാപനത്തിലൂടെ വിവിധ മേഖലകളിൽ ഗ്രീൻബെൽറ്റ് ഒരുക്കുകയും വഴി താപനില നിയന്ത്രിക്കാൻ സാധിക്കും. ബദൽ ഊർജ്ജ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനൊപ്പം കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനുള്ള ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.