അതി ശക്തമായ മഴയെ തുടർന്ന് നദികളും തോടുകളും കരകവിഞ്ഞു, ആന്ധ്രയിൽ മാത്രം 60 നോടടുത്ത് ആളുകൾ മരണപ്പെട്ടു. അതേസമയം മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തെത്തുന്നത്. സംസ്ഥാനത്ത് ലഘു മേഘസ്ഫോടനങ്ങള്‍ ആവര്‍ത്തിക്കാമെന്നും കേരളതീരം അതിതീവ്ര സംവഹനത്തിന്റെ പാതയിലാണെന്നുമാണ് കാലവസ്ഥാ ഗവേഷകര്‍ പറയുന്നത്.കുസാറ്റില്‍ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ അമേരിക്കയിലെ ഫ്ലോറിഡ മിയാമി സര്‍വകലാശാലയിലെ പ്രൊഫ. ബ്രയാന്‍ മേപ്സ് അവതരിപ്പിച്ച പ്രബന്ധത്തിലാണ് കേരളതീരത്തെ അസാധാരണ താപവ്യാപനത്തെക്കുറിച്ചുള്ള സുപ്രധാന നിരീക്ഷണം ഉണ്ടായിരിക്കുന്നത്.
തെക്കുകിഴക്കന്‍ അറബിക്കടലിന്റെ താപനില മറ്റു സമുദ്രങ്ങളിലേതിനെക്കാള്‍ ഒന്നരമടങ്ങ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഏറ്റവും അധികം ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിന്റെ നിരക്കിനോട് തുല്യമാണിത്. ഇതുമൂലം കേരളതീരത്ത് അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉണ്ടാകാം. കേരളത്തില്‍ 2018 മുതല്‍ ഉണ്ടാകുന്ന പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമാകുന്ന ലഘു മേഘ വിസ്ഫോടനംപോലെയുള്ളവയ്ക്ക് കാരണം ഈ അധിക താപനമാണ്. മേഘക്കൂട്ടങ്ങള്‍ രൂപംകൊള്ളുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ തീവ്രമോ, അതിതീവ്രമോയായ മഴ ഉണ്ടാകുകയും ചെയ്യുന്നു. പ്രൊഫ. ബ്രയാന്‍ മേപ്സും കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എസ് അഭിലാഷും ചേര്‍ന്നാണ് പഠനം നടത്തിയത്.