അട്ടപ്പാടി മധു കേസിൽ മൊഴി മാറ്റിയ സാക്ഷിക്ക് കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് പ്രാഥമിക നേത്ര പരിശോധനാ റിപ്പോര്‍ട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് സാക്ഷിയായ വനംവകുപ്പ് വാച്ചര്‍ സുനിൽ കുമാറിന് കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് വ്യക്തമായത്. ഇരുപത്തിയൊമ്പതാമത്തെ സാക്ഷി സുനിൽ കുമാർ മൊഴിമാറ്റിയതിന് പിന്നാലെയാണ് കോടതിയിടപെട്ടലുണ്ടായത്. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽകുമാർ ആദ്യം പൊലീസിന് നൽകിയ മൊഴി. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സാക്ഷിയായ സുനിൽ കുമാര്‍ നോക്കി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ ഇതോടെ തനിക്ക് കാഴ്ചക്ക് കുറവുണ്ടെന്നും ഒന്നും കാണുന്നില്ലെന്നുമായിരുന്നു സാക്ഷി കോടതിയെ അറിയിച്ചത്. കോടതിയിൽ മൊഴിമാറ്റിയതിന് പിന്നാലെ വനംവാച്ചറായ സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു.