എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും. രഹസ്യ മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിലെടുത്ത കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹർജി നൽകുന്നത്. സ്വപ്നയും പി.സി. ജോർജും ചേർന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന ജലീലിന്‍റെ പരാതി പ്രകാരം ആണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് ചാർജ് ചെയ്തത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്. കേസിൽ അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്നും ഹർജിയ്ക്ക് പിറകിൽ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കാൻ ആവശ്യമായ ശബ്ദരേഖ കയ്യിൽ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്വപ്ന ഓഡിയോ പുറത്ത് വിട്ടശേഷം തൻ്റെ കൈയ്യിലുള്ള ചില തെളിവുകളും പുറത്ത് വിടുമെന്നാണ് ഷാജ് കിരൺ പറയുന്നു. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചതെന്നും സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം.