സംസ്ഥാനത്ത് ഇക്കുറി ഓണത്തിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സെപ്റ്റംബർ നാലിന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ പ്രവചനം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
സെപ്റ്റംബർ നാലിനാണ് ഉത്രാടം. ഇതിന്റെ പിന്നാലെയുള്ള തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു. പ്രവചനം ശക്തമായാൽ ഇക്കുറി ഓണം വെള്ളത്തിലാകുമോയെന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ രൂപം കൊണ്ട് ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞുവരുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ ഉണ്ടാകും. എന്നാൽ 30 മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.










