Spread the love

വരുന്നു ഫെയ്സ് റെക്കഗ്നീഷൻ സംവിധാനം ; ഇനി മാസ്ക് ധരിച്ചാലും മുഖം തിരിച്ചറിയും.


ന്യൂഡൽഹി : മാസ്ക് ധരിച്ചവരെ പോലും തിരിച്ചറിയാൻ കഴിയുന്ന ഫെയ്സ് റെക്കഗ്നീഷൻ സംവിധാനം കേന്ദ്ര ആഭ്യന്തരവകുപ്പ് തയാറാക്കുന്നു. ‍കുറ്റവാളികൾ, കാണാതാകുന്നവർ, അജ്ഞാത മൃതദേഹങ്ങൾ തുടങ്ങിയവ ചിത്രങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സോഫ്റ്റ്‍വെയർ സംവിധാനം ഒരുക്കാൻ ശ്രമം തുടങ്ങിയിട്ട് 2 വർഷത്തിലേറെയായി. 
ഇതുമായി ബന്ധപ്പെട്ടു നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ടെൻ‍ഡർ രേഖയിലാണു മാസ്ക് ധരിച്ചവർ, പ്ലാസ്റ്റിക് സർജറിയിലൂടെ മുഖത്തിനു മാറ്റം വരുത്തിയവർ തുടങ്ങിയവരെ തിരിച്ചറിയാനും സോഫ്റ്റ്‍വെയർ സംവിധാനം തയാറാക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നത്. പ്രായം, മേക്കപ്പ്, താടി, മുടിയുടെ സ്റ്റൈൽ, കണ്ണട ഉപയോഗം തുടങ്ങിയവയിലൂടെ മുഖത്തുണ്ടാകുന്ന മാറ്റങ്ങളും തിരിച്ചറിയാൻ കഴിയണം.
20 കോടി രൂപയുടേതാണു പദ്ധതി. കേന്ദ്രനീക്കം സ്വകാര്യതാ ലംഘനമാണെന്നു വിമർശനമുണ്ട്. 
ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട ചിത്രം, വിഡിയോ, ഡിജിറ്റൽ സ്കെച്ചുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ സോഫ്റ്റ്‍വെയർ സഹായത്തോടെ രാജ്യമെങ്ങുമുള്ള ക്രിമിനൽ ഡേറ്റാബേസുമായി ഒത്തുനോക്കി പ്രതികളെ കണ്ടെത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മുഖത്തിന്റെ പ്രത്യേകതകൾ ഡിജിറ്റലായി മാപ്പ് ചെയ്താണ് ഇത് സാധിക്കുന്നത്. 
സിസിടിവി ക്യാമറകൾ പുതിയതായി സ്ഥാപിക്കുന്നതിനു പകരം നിലവിലുള്ള ക്രിമിനൽ ട്രാക്കിങ് സിസ്റ്റം (സിസിടിഎൻസ്) പോലെയുള്ള നിരീക്ഷണ സംവിധാനങ്ങളുമായി ചേർന്നു പ്രവർത്തിക്കും.
നിലവിൽ 1.5 കോടി ചിത്രങ്ങൾ സോഫ്റ്റ്‍വെയറിനു കൈകാര്യം ചെയ്യേണ്ടി വരും. ഇത് ക്രമേണ 5 കോടിയായി ഉയരുമെന്നും ടെൻഡർ രേഖ വ്യക്തമാക്കുന്നു. സമാന സംവിധാനം രൂപപ്പെടുത്താൻ മുൻപ് 2 തവണ ടെൻഡർ വിളിച്ചിരുന്നു.കേന്ദ്ര, സംസ്ഥാന നിയമപാലന ഏജൻസികൾക്ക് സംവിധാനം ഉപയോഗിക്കാൻ അധികാരമുണ്ട്. എൻസിആർബിയിലെ ഡേറ്റാ സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംവിധാനം രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഉപയോഗിക്കാം. സ്റ്റേഷനുകൾക്ക് ചിത്രങ്ങളും വിവരശേഖരവും പൊതു സംവിധാനത്തിലേക്ക് അപ്‍ലോഡ് ചെയ്യാം.

Leave a Reply