Spread the love

തിരുവണ്ണാമല (തമിഴ്നാട്): തമിഴ്നാട്ടിലെ ക്ഷേത്ര നഗരിയെന്നറിയപ്പെടുന്ന തിരുവണ്ണാമലയിലെ ചെല്ലൻകുപ്പം വില്ലേജിലെ ദലിത് കുടുംബങ്ങൾ ഇത്തവണ രണ്ടാഴ്ച മുൻപേ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു.

ഒരു പക്ഷേ, രാജ്യം സ്വതന്ത്രമായതിനുശേഷം അവർ നടത്തുന്ന ഏറ്റവും അർഥവത്തായ ആഘോഷമായിരിക്കുമിത്. ഗ്രാമത്തിലെ നൂറ്റാണ്ട് പഴക്കമുള്ള മാരിയമ്മൻ ക്ഷേത്രത്തിൽ ദലിതർക്ക് പ്രവേശനം അനുവദിച്ചത് ഈ വർഷമാണ്. കൃത്യമായി പറഞ്ഞാൽ 2023 ഓഗസ്റ്റ് 2ന്. തിരുവിതാംകൂറിലെ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഒരു നൂറ്റാണ്ട് ആഘോഷിക്കാൻ വർഷങ്ങൾ മാത്രമുള്ളപ്പോഴാണ് തമിഴകത്തുനിന്ന് ക്ഷേത്ര പ്രവേശനത്തിന്റെ മറ്റൊരു വാർത്തയെത്തുന്നത്.

വടക്കൻ തമിഴ്നാട്ടിലെ വണ്ണിയർ ബെൽറ്റിൽ ഉൾപ്പെടുന്ന സ്ഥലമാണ് തിരുവണ്ണാമല. ചെന്നൈയിൽനിന്ന് 200 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. വണ്ണിയർ സമുദായാംഗങ്ങളാണ് ഇവിടെ ഭൂരിപക്ഷം. ദലിത് – വണ്ണിയർ സംഘർഷങ്ങൾ പതിവായി നടക്കുന്ന ഇടം. ദലിതർക്ക് ക്ഷേത്ര പ്രവേശനം നൽകുന്നതിനെതിരെ ‘പാട്ടാളി മക്കൾ കക്ഷി’ എന്ന രാഷ്ട്രീയ പാർട്ടി പ്രത്യക്ഷ സമരം നടത്തിയത് അടുത്തിടെയാണ്. വണ്ണിയർ സമുദായത്തിനു ഭൂരിപക്ഷമുള്ള പാർട്ടിയാണ് പാട്ടാളി മക്കൾ കക്ഷി.

ചെല്ലൻകുപ്പത്തെ പ്രധാന ക്ഷേത്രമാണ് മാരിയമ്മൻ ക്ഷേത്രം. 300 ദലിത് കുടുംബങ്ങൾ ഉൾപ്പെടെ ഗ്രാമത്തിൽ 3000 കുടുംബങ്ങളുണ്ട്. ദലിതർക്കു ക്ഷേത്രത്തിൽ പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. ഗ്രാമത്തിലെ രണ്ടു യുവാക്കൾ നടത്തിയ ഫെയ്സ്ബുക് പോരാട്ടത്തിലാണ് ക്ഷേത്ര പ്രവേശനത്തിന്റെ തുടക്കം. രണ്ടു പേരും ഗ്രാമത്തിലെ സ്കൂളിൽ സഹപാഠികളായിരുന്നു. ജോലിക്കായാണ് ചെന്നൈയിലെത്തിയത്. ഒരാൾ വണ്ണിയർ സമുദായക്കാരനും മറ്റൊരാൾ ദലിതനും.

ക്ഷേത്രത്തിൽ ദലിതരെ വിലക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിൽ ഇരുവരും രൂക്ഷമായി ഏറ്റുമുട്ടി. ഇരുവരും ചെന്നൈയിൽനിന്ന് നാട്ടിലത്തിയപ്പോൾ ഏറ്റുമുട്ടൽ നേരിട്ടായി. ഇതിനെത്തുടർന്ന് ദലിതർ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. തങ്ങൾക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ജില്ലാ ഭരണകൂടം ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തി. ക്ഷേത്രം പണം ചെലവഴിച്ച് പുനരുദ്ധരിച്ചതും മികച്ച രീതിയിൽ നടത്തുന്നതും തങ്ങളാണെന്നും ഗ്രാമത്തിലെ ദലിതർക്ക് അതിൽ പങ്കില്ലെന്നുമായിരുന്നു മറ്റു വിഭാഗങ്ങളുടെ വാദം.

ആരാധനാ സ്വാതന്ത്ര്യം തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു. മൂന്നു തവണ ചർച്ച നടത്തി. ഒടുവിൽ, ഓഗസ്റ്റ് 2ന് രാവിലെ 8ന് കനത്ത പൊലീസ് കാവലിൽ ഗ്രാമത്തിലെ ഇരുനൂറിലേരെ ദലിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു പ്രാർഥന നടത്തി. എതിർപ്പുകളൊന്നുമുണ്ടായില്ല.

Leave a Reply