വാഷിംഗ്ടൺ: ഫേസ്ബുക്ക് വീണ്ടും പണിമുടക്കി. ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ തവണയാണ് ആഗോളഭീമന്റെ പ്രവർത്തനം നിലയ്‌ക്കുന്നത്. രണ്ട് മണിക്കൂറ് നേരത്തേക്കാണ് ഫേസ് ബുക്ക് സേവനങ്ങൾ നിലച്ചതെന്നാണ് റിപ്പോർട്ട്.
സേവനം നിലച്ചതിനെ തുടർന്ന് ക്ഷമാപണവുമായി കമ്പനി വീണ്ടും രംഗത്തെത്തി. കഴിഞ്ഞ രണ്ട് മണിക്കൂറായി സേവനം നിലച്ചതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പ്രവർത്തനം ഇപ്പോൾ സാധാരണ നിലയിലായി എന്നാണ് ഫേസ് ബുക്ക് കുറിച്ചത്.
ഫേസ്ബുക്കിനോടൊപ്പം ഇൻസ്റ്റഗ്രാം,മെസഞ്ചർ എന്നിവയുടെ സേവനവും നിലച്ചിരുന്നു. കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമിലെ തെറ്റായ കോൺഫിഗറേഷൻ ആണ് തകരാറിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
മുൻപ് ഫേസ്ബുക്കിന്റെ സേവനം നിലച്ചത് കമ്പനിക്കും മാർക്ക് സക്കർബർഗിനും കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനേ തുടർന്ന് ആഗോള കോടീശ്വരൻമാരുടെ പട്ടികയിൽ നിന്ന് വരെ സക്കർബർഗ് പിന്തള്ളപ്പെട്ടു. ഏഴുമണിക്കൂർ നേരത്തേക്കാണ് അന്ന് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്,ഇൻസ്റ്റഗ്രാം, തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾ നിലച്ചത്.