Spread the love

വൈവിധ്യമാര്‍ന്ന വേഷപകര്‍ച്ചയിലൂടെയും സംവിധാന മികവിലൂടെയും എന്നും തെന്നിന്ത്യൻ സിനിമാരാധകരുടെ പ്രീതിപിടിച്ചുപറ്റിയിട്ടുള്ള ആളാണ് എസ് ജെ സൂര്യ. വൈകാതെ മോളിവുഡിലേക്കും താരം എത്തുമെന്ന വാർത്തയാണ് മലയാളികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്. വിപിൻ ദാസ് ചിത്രത്തിലൂടെയാണ് തന്റെ മലയാളത്തിലെ അരങ്ങേറ്റമെന്നും കൂടാതെ ആദ്യചിത്രം ഫഹദ് ഫാസിലിന്റെ കൂടെയായതിൽ താൻ അതീവ സന്തോഷവാൻ ആണെന്നും എസ്.ജെ തന്നെ ഒരു ഇന്റർവ്യൂയിൽ പറയുന്നുണ്ട്.

ഫഹദ് ഫാസിലിനെ കുറിച്ച് വാചാലനായ എസ്.ജെ താൻ ഫഹദിന്റെ ഒട്ടേറെ സിനിമകൾ കണ്ട് ആരാധകനായത് ആണെങ്കിലും ആവേശത്തിലെ ഒരു സീൻ തന്നെ വല്ലാതെ ആകർഷിച്ചുവെന്നും പറയുന്നുണ്ട്. ‘ഞാൻ അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ ഇഷ്‍ടമുള്ളയാളാണ്. പക്ഷേ ഭ്രാന്തനായ ആരാധകനായത് ആവേശം സിനിമ കണ്ടപ്പോഴാണ്. എന്ത് മനോഹരമാണ് അദ്ദേഹത്തിന്റെ പ്രകടനം. ക്ലൈമാക്സില്‍ പയ്യന്റെ അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ കോപം അടക്കിവെച്ച് ഫഹദ് മൂളൂന്ന രംഗം മികച്ചതാണ്’ എന്നും സൂര്യ വ്യക്തമാക്കുന്നു. സമുദ്രത്തിലെ ഒരു തുള്ളിയെ കുറിച്ച് മാത്രമാണ് താൻ പരാമര്‍ശിക്കുന്നതെന്നും ഫഹദിനെ പ്രശംസിച്ച് പറയുന്നു സൂര്യ.

അതേസമയം മലയാളത്തിലേക്ക് എത്തുന്നത് നടൻ ഫഹദിനോടൊപ്പമാണെന്നതില്‍ താൻ ആവേശഭരിതനാണെന്നും വലിയ പ്രതീക്ഷകളാണ് ആ പ്രൊജക്റ്റില്‍ തനിക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply