സത്യൻ അന്തിക്കാട് സിനിമകൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. കൊല്ലും കൊലയ്ക്കും പ്രതികാരത്തിനുമപ്പുറം സാധാരണ മനുഷ്യരെയും അവരുടെ വിചാര-വികാരങ്ങളെയും ജീവിക്കുന്ന പശ്ചാത്തലങ്ങളെയും ദൃശ്യഭംഗിയോടെ വെള്ളിത്തിരയിൽ എത്തിക്കും അദ്ദേഹം. ഏറെ കാലമായി സിനിമാലോകവും ആരാധകരും കാത്തിരുന്ന സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘ഹൃദയപൂർവ്വം’ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. വിജയകരമായി തിയറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രമിപ്പോൾ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, സത്യൻ അന്തിക്കാട് ഫഹദ് ഫാസിലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഫഹദ് ഫാസിൽ ആദ്യമൊക്കെ സത്യൻ അങ്കിൾ എന്നായിരുന്നു വിളിച്ചിരുന്നത്, പക്ഷെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ സത്യേട്ടാ എന്നാണ് വിളിക്കുന്നതെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഇങ്ങനെയാണ് തങ്ങൾക്കിടയിൽ അതിർവരമ്പുകൾ ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വലിയൊരു മാറ്റം കൊണ്ടുവരാനാകും. നമ്മൾ സീനിയറാണെന്നും തങ്ങളുടെയൊക്കെ അച്ഛന്റെ കൂടെയുള്ള ആളാണെന്നും അവർക്ക് തോന്നുമ്പോഴാണ് പ്രശ്നം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







