പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താരയും ഫഹദ് ഫാസിലും നായിക – നായകന്മാരായി എത്തുന്നു. ‘പാട്ട്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. അല്‍ഫോണ്‍സ് തന്നെയാണ് നായികയായി നയന്‍താര എത്തുന്ന കാര്യം പുറത്തുവിട്ടത്. ഇതാദ്യമായാണ് ഫഹദും നയന്‍താരയും ഒരു ചിത്രത്തില്‍ ഒരുമിക്കന്നത്.
ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍ ഫഹദ് ഫാസില്‍ പുറത്തുവിട്ടു. പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഓഡിയോ കാസറ്റാണ് പോസ്റ്ററിലുള്ളത്. ലോക സിനിമാ ചരിത്രത്തില്‍ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാള ചലച്ചിത്രം എന്ന ക്യാപ്ഷനോടെയാണ് അല്‍ഫോണ്‍സ് തന്റെ പുതിയ സിനിമ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതും അല്‍ഫോണ്‍സ് തന്നെയാണ്. യുജിഎം എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ സക്കറിയ തോമസ് & ആല്‍വിന്‍ ആന്റണി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.
2013 ല്‍ നേരം എന്ന സിനിമയിലൂടെയാണ് അല്‍ഫോണ്‍സ് മലയാള സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം 2015 ല്‍ സംവിധാനം ചെയ്ത പ്രേമത്തിലും നായകന്‍ നിവിന്‍ പോളിയായിരുന്നു