Spread the love

സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തുന്നതിൽ വീഴ്ച; ഒമ്പത് രാഷ്ട്രീയ പാർട്ടികൾക്ക് പിഴ ചുമത്തി സുപ്രീംകോടതി.


ന്യൂഡൽഹി ; സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കണമെന്ന വിധി നടപ്പാക്കാത്തതിനു ബിജെപി, കോൺഗ്രസ്, സിപിഎം, എൻസിപി ഉൾപ്പെടെ എട്ടു പാർട്ടികൾക്കു സുപ്രീം കോടതി പിഴശിക്ഷ വിധിച്ചു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോടതി ഉത്തരവു തീർത്തും ലംഘിച്ചതിനു സിപിഎമ്മിനും എൻസിപിക്കും 5 ലക്ഷം രൂപ വീതവും ബിജെപി, കോൺഗ്രസ്, ജെഡിയു, ആർജെഡി, എൽജെപി, സിപിഐ എന്നീ പാർട്ടികൾക്ക് ഓരോ ലക്ഷം രൂപയുമാണു പിഴ.
ആർഎൽഎസ്പിയും കുറ്റക്കാരെന്നു കണ്ടെത്തിയെങ്കിലും പിഴ ചുമത്തിയില്ല.സിപിഎമ്മും എൻസിപിയും നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, ബി.ആർ. ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ച് അംഗീകരിച്ചില്ല. മാപ്പു പറയുകയല്ല, കോടതി വിധി നടപ്പാക്കുകയാണു വേണ്ടതെന്നു ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി.പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കുന്ന പാർട്ടികൾ തീരുമാനമെടുത്ത് 48 മണിക്കൂറിനകമോ പത്രികാസമർപ്പണം തുടങ്ങുന്നതിനു രണ്ടാഴ്ച മുൻപെങ്കിലുമോ പത്രങ്ങളും വെബ്സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി പരസ്യപ്പെടുത്തണമെന്നു സുപ്രീം കോടതി 2020 ഫെബ്രുവരിയിൽ വിധിച്ചിരുന്നു. ‌ബിഹാറിലേത് ഈ ഉത്തരവിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ ഇളവില്ലെന്നു വ്യക്തമാക്കിയാണ് പിഴ ചുമത്തിയത്.
ക്രിമിനൽ പശ്ചാത്തലമുള്ള 469 പേരാണ് ഈ പാർട്ടികളുടെ സ്ഥാനാർഥികളായി മത്സരിച്ചത്. അഭിഭാഷകരായ ബ്രിജേഷ് മിശ്രയും മനീഷ് കുമാറുമാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനിലാണ് പണം അടയ്ക്കേണ്ടത്.കൂടാതെ ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്നു സുപ്രീം കോടതി ഉത്തരവിട്ടു. ഇത്തരം കേസുകളിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇനിയൊരു ഉത്തരവുണ്ടാകുംവരെ മാറ്റുന്നതും കോടതി തടഞ്ഞു.

Leave a Reply