
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. സംഭവത്തെ തുടര്‍ന്ന് വിമാനം രണ്ടു മണിക്കൂറിലേറെ വൈകി. ഇന്നു പുലർച്ചെയായിരുന്നു സംഭവം.
വർഷങ്ങളായി ദുബായിൽ സ്ഥിര താമസക്കാരനായ രാകേഷ് സ്പൈസ് ജെറ്റ് വിമാനത്തിൽ അവിടേക്കു പോകാനെത്തിയതായിരുന്നു. പരിശോധനയില്‍ ലഗേജിന്‍റെ ഭാരം കൂടുതലാണെന്നു കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രാകേഷും ഉദ്യോഗസ്ഥരും തർക്കമുണ്ടായി.
ഇതിനു പിന്നാലെയായിരുന്നു ബോംബ് ഭീഷണി. തുടർന്ന് ബോംബ് സ്ക്വാഡ് എത്തി ഇയാളുടെ ലഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. വിമാനത്താവള അധികൃതർ രാകേഷിനെ നെടുമ്പാശേരി പൊലീസിനു കൈമാറിയതിനെ തുടർന്ന് അവർ കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.