വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി
തട്ടിപ്പു നടത്തിയവർ പിടിയിൽ
കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സംഘം ഉത്തർപ്രദേശിൽ 11 ദിവസം തങ്ങി പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടുന്ന സംഘത്തിനെ പിടികൂടിയത്.
വ്യാജ ID യിലൂടെ പണം തട്ടാൻ ശ്രമിച്ച മുഷ്താക് ഖാൻ, നിസാർ എന്നിവരെ ഉത്തർപ്രദേശിലെ ഗ്രാമത്തിൽനിന്ന് ഏറെ പരിശ്രമിച്ചാണ് പിടികൂടിയത്. കൊച്ചി സൈബർ സെല്ലിൽ നിന്നും UP യിൽ തങ്ങിയ അന്വേഷണ സംഘത്തിന് പ്രതികളുടെ ലൊക്കേഷൻ കൃത്യമായി നൽകിക്കൊണ്ടിരുന്നു. മഥുരയിലെ ചൗക്കി ബംഗാർ ഗ്രാമത്തിലെത്തി അന്വേഷണങ്ങൾ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. ഇത്തരത്തിൽ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെയും അവരുടെ താവളവും കണ്ടെത്തി.
11-ാം നാൾ പുലർച്ചെ മൂന്നിനാണ് പോലീസ് പ്രതികളുടെ താവളത്തിലെത്തിയത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ അഭ്യർത്ഥന പ്രകാരം മഥുര പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സൈബർ തട്ടിപ്പിലും ഹാക്കിങ്ങിലും കുട്ടികൾ വരെ രംഗത്തുള്ള നാടാണ് ചൗക്കി ബംഗാർ. 18 വയസ്സിൽ താഴെയുള്ള നിരവധി പേർ തട്ടിപ്പ് സംഘത്തിന് കീഴിലുണ്ട്. കേസിൽ അറസ്റ്റ് ചെയ്യില്ലെന്നാണ് ഇവരെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. ഇവർക്ക് കമ്മിഷൻ സംഘത്തലവൻ നൽകും. കുട്ടികളുടെ പക്കലെല്ലാം നിരവധി സിമ്മുകളുണ്ട്. ഇവർക്ക് സിമ്മുകൾ വിതരണം ചെയ്യാനും ആൾക്കാരുണ്ട്. നിരായുധരായി ഗ്രാമത്തിലേക്ക് പോലീസ് വാഹനം ചെന്നാൽ ഗ്രാമതലവനും സംഘവും കടത്തിവിടില്ല. സൈബർ തട്ടിപ്പ് സംഘങ്ങളുടെ പക്കൽ നാടൻ തോക്ക് അടക്കമുള്ള ആയുധങ്ങളുമുണ്ട്.
ഇൻസ്പെക്ടർ കെ.എസ്. അരുൺ, സീനിയർ സി.പി.ഒ. എസ്. രമേശ്, ഇ.കെ. ഷിഹാബ്, സി.പി.ഒ. പി. അജിത് രാജ്, ആർ. അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളുടെ ഡിവൈസ് ലൊക്കേഷൻ കേന്ദ്രീകരിച്ച് ഉത്തർപ്രദേശിലെത്തിയത്.