Spread the love

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടയച്ചു. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം രാത്രി വൈകിയാണ് വിട്ടയച്ചത്. പൊതുസ്ഥലത്തു നിയന്ത്രണമില്ലാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അകാരണമായി കയർക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്.

ഇന്നലെ വൈകിട്ട് 4.30ന് താമസിക്കുന്ന കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ ഫ്ലാറ്റിലേക്കു വിനായകൻ പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. കുടുംബവഴക്കിനെ തുടർന്നായിരുന്നു ഇത്. ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണു കുടുംബവഴക്കിനു കാരണമെന്നു മനസ്സിലാക്കിയ പൊലീസ് രണ്ടുവശവും കേട്ടശേഷം വിനായകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മടങ്ങാൻ ഒരുങ്ങി. ഇതോടെ പൊലീസിനോടും വിനായകൻ കയർത്തു. നിങ്ങൾ ഒരുവശം മാത്രമാണു കേൾക്കുന്നതെന്നും സ്ത്രീകൾ പറയുന്നതു മാത്രമാണു വിശ്വസിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു വിനായകൻ ഫ്ലാറ്റിലെത്തിയ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ മടക്കി അയച്ചത്.

Leave a Reply