ലക്കിടി (പാലക്കാട്): പ്രസിദ്ധ കൂത്ത്, കൂടിയാട്ട കലാകാരന്‍ മാണി ദാമോദര ചാക്യാര്‍ (76) അന്തരിച്ചു.
നാട്യാചാര്യനും കൂടിയാട്ട കുലപതിയുമായ പത്മശ്രീ മാണി മാധവചാക്യാരുടെ അനന്തരവനും ശിഷ്യനുമാണ്. നടുവണ്ണൂര്‍ സ്‌കൂളിലെ മുന്‍ സംസ്‌കൃത അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെത്തുടര്‍ന്നു 17 വര്‍ഷത്തോളമായി കൂത്ത്, കൂടിയാട്ട അരങ്ങില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
നാലര പതിറ്റാണ്ടോളം നീണ്ട കലാസപര്യയില്‍ കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളില്‍ കലാവതരണം നടത്തി. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സ്‌കോളര്‍ഷിപ്പിനും സംഗീത നാടക അക്കാദമി അവാര്‍ഡിനും അര്‍ഹനായി.
മറ്റു ക്ഷേത്ര പുരസ്‌കാരങ്ങളും നേടി. കൂത്ത് കൂടിയാട്ട കലയില്‍ മാണി പാരമ്പര്യത്തെ കൂടെ നിര്‍ത്തുന്നതിനൊപ്പം പുതിയ ആവിഷ്‌കാരത്തെ ചിട്ടയോടെ അവതരിപ്പിക്കുന്നതിലും ശ്രദ്ധേയനായി.
കൂടിയാട്ട ചരിത്രത്തില്‍ മഹാകവി കാളിദാസന്റെ മാളവികാഗ്‌നിമിത്രം, വിക്രമോര്‍വശീയം എന്നിവ മാണി മാധവ ചാക്യാര്‍ ചിട്ടപ്പെടുത്തിയപ്പോള്‍ നായകവേഷം ചെയ്‌തത് ദാമോദര ചാക്യാര്‍ ആയിരുന്നു.
ദേശീയ മാനവശേഷി വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് ആദ്യമായി ലഭിച്ച കൂടിയാട്ട വിദ്യാര്‍ഥിയും ഇദ്ദേഹമാണ്.
കൂടിയാട്ടത്തില്‍ വാചികപ്രധാനമായ വിദൂഷകനായും ആസ്വാദന മനസില്‍ ഇടംനേടി. കൂത്ത്, കൂടിയാട്ടം എന്നിവയുമായി ബന്ധപ്പെട്ട ഗ്രന്ഥവും രചിച്ചു.
ഭാര്യ: കിള്ളിക്കുറുശ്ശിമംഗലം കോച്ചാമ്പിള്ളി മഠത്തില്‍ ഉഷ നങ്ങ്യാരമ്മ.
മക്കള്‍: പി.കെ. അജിത്ത് (അധ്യാപകന്‍ ലക്കിടി എസ്.എസ്.ഒ. എച്ച്.എസ്.എസ്.), പി.കെ. ശ്രീജിത്ത് (അധ്യാപകന്‍, കടമ്പൂര്‍ ഹൈസ്‌കൂള്‍), ഡോ. പി.കെ. സംഗീത(അധ്യാപിക കണ്ണാടി ഹൈസ്‌കൂള്‍).
മരുമക്കള്‍: ഡോ.അഞ്‌ജന, ശ്രീകുമാര്‍.