പോക്‌സോ കേസ് പ്രതിയായ നൃത്തസംവിധായകൻ ജാനി മാസ്റ്ററോടൊപ്പം പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്‌നേശ് ശിവനും നടിയും നിർമ്മാതാവുമായ നയൻതാരയ്ക്കും സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ലൈംഗിക വേട്ടക്കാരന് അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് താരങ്ങളെ ചോദ്യം ചെയ്തത്. വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ‘ലവ് ഇൻഷൂറൻസ് കമ്പനി’ എന്ന ചിത്രത്തിൽ കൊറിയോഗ്രാഫർ ജാനി മാസ്റ്ററാണ്. ഇതുമായി ബന്ധപ്പെട്ട് വിഘ്‌നേശ് ശിവൻ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു. ഇതോടെയാണ് വിമർശനങ്ങൾക്ക് തുടക്കം കുറിച്ചത്.
ജൂലായ് ഒന്നിന് ജാനി മാസ്റ്ററും വിഘ്‌നേശ് ശിവനും ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോയും കാൻഡിഡ് വീഡിയോയുമായിരുന്നു അത്. ‘candid and crazy with the dearest #vigneshshivan sir on the sets of #loveinsurancekompany’ എന്നായിരുന്നു ജാനി പങ്കുവച്ച പോസ്റ്റ്. ഈ പോസ്റ്റ് വിഘനേഷ് ശിവൻ റീ പോസ്റ്റ് ചെയ്യുകയും ചെയ്തു. സ്വീറ്റ് മാസ്റ്റർ ജി എന്നായിരുന്നു വിഘ്‌നേശ് ശിവൻ ഇതിന് അടിയിൽ കുറിച്ചത്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒട്ടേറെ പേരാണ് വിഘ്‌നേശിനെ വിമർശിച്ച് രംഗത്തെത്തിയത്. സിനിമ നിർമ്മിക്കുന്ന നയൻതാരയ്ക്കും പലകോണുകളിൽ നിന്നും വിമർശനം ഉയർന്നു.
വിഘ്‌നേശ് ശിവൻ, നിങ്ങളോട് ജനങ്ങൾക്കുള്ള ബഹുമാനം നഷ്ടപ്പെടാൻ ഇതൊരു കാരണമാകും. ആദ്യം ദിലീപ് ആയിരുന്നു. ഇപ്പോൾ ജാനി മാസ്റ്റർ. ആരോപണവിധേയരായ വേട്ടക്കാരെ ‘വൈബ്’ എന്ന് വിളിക്കുന്നത് തുടരുക, അതിജീവിച്ചവരോടൊപ്പമല്ല. നിങ്ങൾ എവിടെയാണെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. നയൻതാര നിങ്ങൾക്ക് ഇതിൽ ഒരു കുഴപ്പവും ഇല്ലേ? ഇതാണോ പവർ കപ്പിൾ?’- എക്സിൽ ഒരു ഉപയോക്താവ് കുറിച്ചു.
2024 സെപ്റ്റംബറിലാണ് ജാനി മാസ്റ്റർ പ്രായപൂർത്തിയാകാത്ത ഒരു ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തുവരുന്നത്. ഈ കേസിൽ അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. പോക്‌സോ കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് ധനുഷിന്റെയും നിത്യ മേനനിന്റെയും ‘തിരുചിത്രമ്പലം’ എന്ന ചിത്രത്തിലെ ‘മേഗം കറക്കാത്ത’ എന്ന ഗാനത്തിന് മികച്ച കൊറിയോഗ്രാഫിക്കുള്ള ദേശീയ പുരസ്‌കാരം പിൻവലിച്ചിരുന്നു. അതേസമയം, ഈ വിഷയത്തിൽ നയൻതാരയും വിഘ്‌നേശും ഇതുവരെ പ്രതികരിച്ചിട്ടില്ല.








