ഇന്ത്യൻ സിനിമയെ അന്തർദേശീയ തലത്തിൽ തന്നെ ചർച്ചയ്ക്ക് എത്തിച്ച മലയാളം ചിത്രമാണ് പുതുമുഖ സംവിധായകൻ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. മലയാളം ഇൻഡസ്ട്രിയുടെ സീൻ മാറ്റുമെന്ന സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ ഒറ്റ വാക്കിൽ തുടങ്ങി ഒടുവിൽ ഇന്ത്യൻ സിനിമയുടെ തലവര തന്നെ മാറ്റിമറിച്ച ചിത്രം.
2004ൽ എറണാകുളം മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് നടത്തിയ ഒരു കൂട്ടം യുവാക്കളുടെ യാത്രയായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമയുടെ വലിയൊരു ഭാഗം സെറ്റിട്ടും ബാക്കി കൊടൈക്കനാലിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയിരുന്നത്. വി.എഫ്.എക്സ്സിന്റെ സാധ്യതകൾ വളരെയധികം പ്രയോജനപ്പെടുത്തിയ സിനിമ സാങ്കേതിക മികവിന് വലിയ കൈയ്യടിയും നേടിയിരുന്നു. ഇപ്പോൾ ഇതാ കൊടൈക്കനാലിലെയും സിനിമയുടെ പ്രധാന ഭാഗമായ ഗുണാകേവും സ്ക്രീനിൽ എത്തിക്കാൻ എത്രത്തോളം വി.എഫ്.എക്സ്സിനെ ആശ്രയിച്ചു എന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വി.എഫ്.എക്സ് ബ്രേക്ക് ഡൗൺ വീഡിയോ കഴിഞ്ഞ ദിവസമാണ് ടീം പുറത്ത് വിട്ടത്.
ഒറിജിനൽ ഫൂട്ടേജും വി.എഫ്.എക്സ് മേക്കപ്പുകളും ഒരേ സമയം കമ്പയർ ചെയ്യാൻ കഴിയുന്ന വീഡിയോ പുറത്തുവന്നതോട് കൂടി വലിയ പ്രശംസയാണ് സാങ്കേതിക പ്രവർത്തകർ പ്രേക്ഷകരിൽ നിന്നും നേടുന്നത്. ‘ഹമ്മേ എന്നാടാ പണ്ണി വച്ചിറുക്ക്’, ‘ഇങ്ങനെയൊരു വീഡിയോ പുറത്തു വന്നില്ലായിരുന്നെങ്കിൽ സിനിമയിൽ കണ്ടതൊക്കെ ശരിക്കും കൊടൈക്കനാൽ ആണെന്ന് വിചാരിച്ചേനെ’, ‘ മിനിമം ബഡ്ജറ്റിൽ വലിയ സാങ്കേതിക മികവ് അതാണ്’, ‘ മലയാളിക്ക് പണി അറിയാം മക്കളെ’ എന്നിങ്ങനെ നീളുന്നു പുകഴ്ത്തിയുള്ള കമന്റുകൾ.
ജാനേ മൻ എന്ന തന്റെ ആദ്യ ചിത്രത്തിനുശേഷം സംവിധായകൻ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ, ഗണപതി, അരുൺ കുര്യൻ, ബാലുവര്ഗീസ്, ജീൻ,ദീപക്,ഖാലിദ് റഹ്മാൻ,അഭിരാം, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ തുടങ്ങിയ താരനിര ഒന്നിച്ചെത്തിയ ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറുകയായിരുന്നു. 200 കോടിയിൽ അധികമാണ് മഞ്ഞുമ്മൽ ബോയ്സ് കലക്ഷൻ നേടിയത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ, ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റ സിനിമ തുടങ്ങി നിരവധി റെക്കോർഡുകളും മഞ്ഞുമ്മൽ സ്വന്തമാക്കിയിരുന്നു.