സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ മലയാളം ട്രെയിലർ എത്തിയത്. സംഭവം അപ്രതീക്ഷിതമായാണെങ്കിലും അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ ഏറ്റെടുപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം 40 അര ലക്ഷത്തിലധികം പേർ ട്രെയിലർ കണ്ടുകഴിഞ്ഞു.
ഇപ്പോഴിതാ റിലീസിന് ഒരാഴ്ച ഇനിയും ബാക്കി നില്‍ക്കെ എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതിനോടകം വലിയൊരു തുക എമ്പുരാന്‍ പോക്കറ്റിലാക്കി കഴിഞ്ഞു എന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുപോലുമില്ല എന്നതിനാല്‍ തന്നെ ഇതൊരു സാംപിള്‍ വെടിക്കെട്ടാണ് എന്നാണ് ആരാധകരുടെ പക്ഷം.
ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 11 കോടി രൂപയാണ്. വിദേശത്ത് നേരത്തെ തന്നെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ പങ്ക് വെക്കുന്ന വിവരമാണിത്. ബുക്കിംഗ് ആരംഭിച്ച ഓവര്‍സീസ് മാര്‍ക്കറ്റുകളിലൊക്കെ വലിയ പ്രതികരണമാണ് എമ്പുരാന്‍ നേടിക്കൊണ്ടിരിക്കുന്നത്.നേരത്തെ ഓവര്‍സീസ് റൈറ്റ്സ് തുകയിലും എമ്പുരാന്‍ റെക്കോഡിട്ടിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ ഓവര്‍സീസ് റൈറ്റ്സ് തുകയാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. 30 കോടിയില്‍ അധികം തുക ഓവര്‍സീസ് റൈറ്റ്സായി എമ്പുരാന് ലഭിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത നേടിയ 15 കോടിയുടെ റെക്കോഡാണ് എമ്പുരാന്‍ പഴങ്കഥയാക്കിയിരിക്കുന്നത്.