സിനിമയും സോഷ്യൽ മീഡിയയും സിലിബ്രിറ്റികളുടെ പ്രവർത്തികളും പൊതുജനത്തെ സ്വാധീനിക്കുന്നുണ്ടോ? എന്ന വിഷയത്തിൽ വലിയ ചർച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇതിൽ തന്നെ ഏറ്റവും പ്രാഥമികമായി സിനിമയും അതിലെ ഉള്ളടക്കങ്ങളും പ്രേക്ഷകരുടെ ദൈനംദിന ജീവിതത്തെ പോലും സ്വാധീനിക്കുന്നു എന്നും തങ്ങളുടെ ഇഷ്ട താരങ്ങളുടെ ചെയ്തികൾ ആരാധകരെയും സ്വാധീനിച്ചേക്കാം തുടങ്ങിയ വസ്തുതകളിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഇത്തരത്തിൽ നാട്ടിൽ നാട്ടിൽ ലഹരിയെ തുടർന്നുള്ള ആക്രമണങ്ങളും കാെലപാതകങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒരു നാടിനെ ലഹരിമുക്തമാക്കിയ തന്റെ ചിത്രം ഒടിടി വഴി റിലീസ് ചെയ്യുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.
തിയേറ്ററിൽ വലിയ പരാജയം ഏറ്റുവാങ്ങിയ ബാഡ് ബോയ്സ് എന്ന സിനിമയാണ് ഒടിടിയിലൂടെ ഇറക്കുമെന്ന് സംവിധായകൻ വ്യക്തമാക്കിയത്. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് മാസങ്ങൾക്കൊടുവിൽ ഒടിടിയിലെത്തുന്നത്.
അതേസമയം ഒമർ ലുലുവിന്റെ പോസ്റ്റിനു താഴെ രസകരമായ ചില കമന്റുകളും നിറയുന്നത് കാണാം. ഇത്രയും വലിയ ക്രൂരത ഈ സാഹചര്യത്തിൽ മലയാളികളോട് വേണോ?,അതിന്റെ ഇടയിൽ കൂടെ പ്രൊമോഷൻ?, പടത്തിന്റെ പേര് ഗുഡ് ബോയ്സ് എന്നാണെങ്കിൽ കാണാമായിരുന്നു, നിങ്ങളെ അല്ലെ കഞ്ചാവ് കേസിൽ പൊക്കിയത്, ആ നിങ്ങൾ ലഹരിക്കെതിരെ പടം ഇറക്കുന്നു, ഇയാളുടെ പടം കണ്ടാൽ ലഹരി ഉപയോഗിക്കാത്തവരും ഉപയോഗിക്കും എന്ന് തുടങ്ങി നീളുന്നു നെഗറ്റീവ് കമെന്റുകൾ.